തൃശൂർ: എട്ടുവർഷം മുന്പുണ്ടായ ഒരു അപകടത്തിൽ ശരീരം തളർന്ന് വീടിനകത്തേക്ക് ഒതുങ്ങിപ്പോയതാണ് വിൻസെന്റിന്റെ ജീവിതം. ശാരീരിക അസ്വസ്ഥതകൾ സഹിച്ചുള്ള ഈ ജീവിതത്തോട് അദ്ദേഹം പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ തന്റെ അഭയകേന്ദ്രമായ കൊച്ചുവീട് അപകടാവസ്ഥയിലായിരിക്കുന്നതാണ് ഇപ്പോഴത്തെ വേവലാതി. പുതിയൊരു വീടെന്ന സ്വപ്നത്തിനു മുനിസിപ്പാലിറ്റി അധികൃതർ തടയിട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിൻസെന്റ്.
ചാവക്കാട് പൂക്കോട് 355-ാം വീട്ടിൽ വിൻസെന്റ് സിമന്റു പണിക്കാരനായിരുന്നു. എട്ടുവർഷം മുന്പ് അയൽവീട്ടുകാർക്കായി ചക്കയിടാൻ പ്ലാവിൽ കയറിയതാണ് വിൻസെന്റിന്റെ ജീവിതം തകർത്തത്. പിടി തെറ്റി ചക്കയോടൊപ്പം വിൻസെന്റും താഴെവീണു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിന് താഴേയ്ക്കു പൂർണമായും തളർന്നു.
ഭാര്യ ഫ്ളോറിയുടെ സഹായത്തോടെയാണ് പിന്നീടുള്ള ജീവിതം. മൂന്നു സെന്റ് ഭൂമിയിലുള്ള കൊച്ചു വീട്ടിലാണ് ഇവരുടെ താമസം. ഭിത്തികളിൽ വിള്ളൽവീണ് അപകടാവസ്ഥയിലാണ് വീട്. മഴപെയ്താൽ ഓടുകൾ ചോർന്ന് വെള്ളം അകത്തേക്ക് കിനിയുന്നു. വീടിന്റെ 300 മീറ്റർ അകലെ വരെ മാത്രമേ വാഹനങ്ങൾക്ക് എത്താനാവു.
ശേഷിക്കുന്ന ദൂരത്തിൽ മുക്കാലോളും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. മുട്ടോളം വെള്ളത്തിൽ നടന്നുവേണം വീട്ടിലേക്ക് എത്താൻ. വീടിനോട് ചേർന്ന് ഭാര്യയുടെ പേരിൽ നാലു സെന്റ് സ്ഥലം ഉണ്ട്. ഇവിടെ പുതിയൊരു വീടുവയ്ക്കാനുള്ള ധനസഹായത്തിനായി അധികൃതർക്കു സമർപ്പിച്ച അപേക്ഷ നിലവിൽ വീടുണ്ടെന്ന് പറഞ്ഞ് തടഞ്ഞുവച്ചിരിക്കുകയാണ്.
അപകടാവസ്ഥയിലായ വീട് ഉദ്യോഗസ്ഥർ സന്ദർശിച്ച് മടങ്ങിയെങ്കിലും ഇതുവരെ അനൂകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. രണ്ടു മക്കളാണ് വിൻസെന്റിനുള്ളത്. മകൻ വാസ്കോ രണ്ടു മാസം മുന്പ് വിദേശത്തേക്ക് ജോലി തേടി പോയിട്ടുണ്ടെങ്കിലും ഇതുവരെ ജോലി തരപ്പെട്ടിട്ടില്ല. മകൾ മെർലിന്റെ വിവാഹം കഴിഞ്ഞതാണ്.