കൊച്ചി: ആകെയുണ്ടായിരുന്ന സന്പാദ്യമായിരുന്നു വിൻസെന്റിനു നാലു സെന്റിലുള്ള ചെറിയ വീടും പുരയിടവും. ആകെയുള്ള പ്രതീക്ഷയും ആ വീടായിരുന്നു. പക്ഷേ പ്രളയം വീടിന്റെ അടിത്തറയിളക്കി. അതോടൊപ്പം അവരുടെ സ്വപ്നങ്ങളുടെയും. ഏതു നിമിഷവും മേൽക്കൂര തലയ്ക്കുമുകളിലേക്ക് ഇടിഞ്ഞുവീഴുമെന്ന ഭീതിയുള്ളതിനാൽ വീടിനുള്ളിലേക്കു കയറാറില്ല. പാചകവും ഭക്ഷണം കഴിപ്പുമൊക്കെ പുറത്താണ്.
അന്തിയുറങ്ങാൻ അയലത്തെ വീട്ടിലേക്കു പോകും. തൊണ്ടയിൽ കാൻസർ ബാധിതനായ വിൻസന്റിനു ജോലിക്കുപോകാനാകുന്നില്ല. മകൻ കൂലിപ്പണിചെയ്തു കൊണ്ടുവരുന്നതുമാത്രമാണ് ആകെയുള്ള വരുമാനം. ഭക്ഷണത്തിനും മരുന്നിനും ചെലവാക്കിയാൽ പിന്നെ കൈയ്യിൽ ഒന്നും ഉണ്ടാകാറില്ലെന്നു പാനായിക്കുളം പുതിയറോഡിൽ പുതിശേരി വീട്ടിൽ വിൻസെന്റും ഭാര്യ മോളിയും പറയുന്നു.
വെള്ളം ഉയർന്നു തുടങ്ങിയപ്പോഴേ മകളുടെ വീട്ടിലേക്കു പോയി. അവിടെയും വെള്ളം കയറിയപ്പോൾ വരാപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിൽ അഭയം തേടി. രോഗമുള്ളതിനാൽ ക്യാന്പിലെ സാഹചര്യത്തിൽ കഴിയാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാന്പിൽ കിട്ടിയിരുന്ന ഒരാനുകൂല്യങ്ങളും തങ്ങൾക്കു ലഭിച്ചില്ലെന്നും വിൻസെന്റ് പറയുന്നു. വെള്ളമിറങ്ങി വെറുംകൈയോടെ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ കണ്ടതു തകർന്നുകിടക്കുന്ന വീടാണ്.
മേൽക്കൂരയെ താങ്ങി നിർത്തിയിരുന്ന മൂന്നു തൂണുകളിൽ രണ്ടെണ്ണം നിലംപൊത്തി. മേൽക്കൂരയുടെ പാതി ഒടിഞ്ഞുവീണു. ഓടുകൾ തകർന്നു. ക്ഷയിച്ച ഭിത്തിയിലാണു മേൽക്കൂര ഇപ്പോൾ നിൽക്കുന്നത്. ചെറിയൊരു കാറ്റോ മഴയോ ഉണ്ടായാൽ ചിലപ്പോൾ തകർന്നുവീണേക്കാം. അയൽപക്കത്തുള്ളവരുടെ കാരുണ്യത്തിലാണ് ഇപ്പോൾ കഴിയുന്നത്.
വീട്ടിലേക്ക് മടങ്ങുന്നവർക്ക് സർക്കാർ 10,000 രൂപ അടിയന്തരസഹായം നൽകുമെന്ന് അറിഞ്ഞ് അതിൽ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ. വൈകാതെ കിട്ടിയിരുന്നെങ്കിൽ താൽകാലിക ആശ്വാസമാകുമെന്നു വിൻസെന്റ് പറയുന്നു.