തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകുന്നതുവരെ ദിവസേന 250 രൂപവച്ച് 25,000 രൂപ വരെ പിഴ ഈടാക്കാനും ഉത്തരം വൈകിയതുമൂലം പരാതിക്കാരനു നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് ഉത്തരവിടാനും വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് മുൻ മുഖ്യവിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ.
നഷ്ടപരിഹാരത്തിന് പരിധിയില്ലെന്നും അത് നല്കേണ്ടത് സ്ഥാപനമോ വകുപ്പോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക വിവരാവകാശദിനത്തോട് അനുബന്ധിച്ച് ’ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തെക്കുറിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം പ്രാബല്യത്തിലായതോടെ അഴിമതി കുറയുകയും ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം കൂടുകയും ചെയ്തു. പട്ടാളത്തിലെ ഭരണവിഭാഗം വിവരാവകാശ നിയമപരിധിയിൽ വരുന്നതിനാൽ നിയമപ്രകാരമുള്ള കാര്യങ്ങളേ ഇപ്പോൾ നടക്കൂ.
സ്വകാര്യ ഏജൻസികളുടെ ഇടപാടുകൾ വരെ ഇപ്പോൾ നിയമത്തിന്റെ പരിധിയിലുണ്ടെന്ന് വിൻസൻ എം. പോൾ ചൂണ്ടിക്കാട്ടി.
വിവരാവകാശ കമ്മീഷണർമാരുടെ കാലാവധിയും ശന്പളവും തീരുമാനിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നല്കിയതോടെ കമ്മീഷനെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനുമുള്ള അവസരമാണ് കേന്ദ്രസർക്കാരിന് ലഭിച്ചതെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സർക്കാർ ഫയലുകൾ പരിശോധിക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും അതു പ്രയോജനപ്പെടുത്തുന്നില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫ് അലി ചൂണ്ടിക്കാട്ടി.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എംഎൽഎ, ഡോ. അച്യുത് ശങ്കർ എസ്. നായർ എന്നിവരും പ്രസംഗിച്ചു.