നെയ്യാറ്റിൻകര: തനിക്കെതിരെ പരാതി നൽകിയ വീട്ടമ്മയോടും അവരുടെ കുടുംബത്തോടും പരാതിയില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും എം. വിൻസെന്റ് എംഎൽഎ.ഉപാധികളോടെ അനുവദിച്ച ജാമ്യത്തെത്തുടർന്ന് നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ വിൻസെന്റ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പോലീസ് പൊളിറ്റിക്കൽ സെൻസാണ് ഈ കേസിൽ ഉപയോഗിച്ചത്. യഥാർഥത്തിൽ വേട്ടയാടപ്പെട്ടത് താനാണ്.
ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച എം. വിൻസെന്റ് എംഎൽഎ യെ സ്വീകരിക്കാൻ നിറകണ്ണുകളോടെ അമ്മയും ഭാര്യയും മകനും ബന്ധുക്കളും.
ഏഴു മാസം ഗർഭിണിയായ തന്റെ ഭാര്യയുടെ വയറ്റിലെ കുഞ്ഞിന്റെയും ഒന്പതാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന്റെയും മാനസികാവസ്ഥ എന്തായിരിക്കും. 40 ദിവസത്തെ ചികിത്സ കഴിഞ്ഞ് അമ്മ എത്തിയപ്പോഴാണ് തന്നെ അറസ്റ്റ് ചെയ്യുന്നത്. അപ്പോൾ അമ്മയുടെ മാനസികാവസ്ഥയോ . സാധാരണ പൗരന് നൽകുന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല. കേസിൽ ഗൂഡാലോചനയുണ്ടെന്ന തന്റെ പരാതി 34 ദിവസമായിട്ടും അന്വേഷിച്ചിട്ടില്ലായെന്നും വിൻസെന്റ് കൂട്ടിച്ചേർത്തു.
സ്ത്രീപീഡനക്കേസിൽ ആരോപണവിധേയനായി ഇക്കഴിഞ്ഞ മാസം 22 നാണ് വിൻസെന്റിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിൻസെന്റിനെ ആദ്യം 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
നെയ്യാറ്റിൻകര കോടതിയിൽ ജാമ്യം നിഷേധിക്കപ്പെട്ട വിൻസെന്റ് പിന്നീട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസൻ, മുൻ പ്രസിഡന്റ് വി.എം സുധീരൻ അടക്കമുള്ള പല കോണ്ഗ്രസ് നേതാക്കളും അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചു. വിൻസെന്റിന് ജാമ്യം അനുവദിച്ച വാർത്ത അറിഞ്ഞതുമുതൽ കോവളം നിയോജകമണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, കെഎസ്യു പ്രവർത്തകരും നേതാക്കളും നെയ്യാറ്റിൻകര സബ് ജയിലിൽ എത്തിയിരുന്നു.