തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുള്ള വിൻസന്‍റ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നും പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ജീവന് പോലും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസ് ഗൂഢാലോചനയാണെന്നും രാഷ്ട്രീയ പ്രേരിതമായി തനിക്കെതിരേ ചുമത്തിയതാണെന്നും വാദിച്ചാണ് വിൻസന്‍റ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് വിൻസന്‍റ് ജില്ലാ കോടതിയെ സമീപിച്ചത്.