റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിൻസി അലോഷ്യസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് 25ന് നടക്കും. വിൻസിയുടെ വാക്കുകളിലേക്ക്…
ഒരു മലയാളിയായ കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. എങ്കിലും 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽതന്നെയാണ്.
ഹിന്ദി പഠിച്ചെടുക്കുക എന്നതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, അവർ അതിൽ നന്നായി സഹായിക്കാം എന്നു പറഞ്ഞതോടെ ഞാൻ ഓകെ പറഞ്ഞു.
ഫെയ്സ് ഓഫ് ദ് ഫെയ്സ്ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെയാണ് സിനിമയുടെ കാമറ. അദ്ദേഹമാണ് കാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു.
ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾക്ക് കാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് സിനിമകൾ ചെയ്യുന്നത്.
30–35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ, പൂനൈ തുടങ്ങിയിടങ്ങളിലായിരുന്നു ഷൂട്ട്. ആദിവാസി പ്രശ്നങ്ങൾ കൂടി ചർച്ചയാകുന്ന സിനിമയാണ് ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്.
ഇതൊരു ജീവചരിത്രസംബന്ധിയായ സിനിമകൂടിയാണ്. തിയറ്റർ റിലീസ് ആണോ ഒടിടി ആണോ എന്നു പറയാറായിട്ടില്ല.
രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം അയയ്ക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മലയാളിയായി ഞാൻ മാത്രമേയുള്ളൂ-വിന്സി പറഞ്ഞു.