ഷൈബിൻ ജോസഫ്
കാസർഗോഡ്: പവിത്രത്തിലെ ചേട്ടച്ഛന്റെ സ്വന്തം മീനാക്ഷി… വിന്ദുജ മേനോൻ എന്ന നടിയെ മലയാള സിനിമയിൽ അടയാളപ്പെടുത്താൻ ഈയൊരു കഥാപാത്രം മാത്രം മതി. മലയാളി ശാലീനസൗന്ദര്യത്തിന്റെ പ്രതീകമായ വിന്ദുജയെ താരപദവിയിലേക്കുയർത്തിയത്1991ൽ കാസർഗോട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവമായിരുന്നു. 28 വർഷം മുന്പു നടന്ന കലോത്സവത്തെക്കുറിച്ചുപറയുന്പോൾ വിന്ദുജ വീണ്ടും ആ പഴയ പത്താംക്ലാസുകാരിയാകും. ജീവിതത്തിൽ അത്രമേൽ മധുരമാർന്ന ഓർമകളാണ് കാസർഗോട്ടെ ആ അഞ്ചുദിനങ്ങൾ സമ്മാനിച്ചത്.
തന്റെ കലാജീവിതത്തെക്കുറിച്ചും കലോത്സവ അനുഭവങ്ങളെക്കുറിച്ചും വിന്ദുജ മനസ് തുറക്കുന്നു. “”കലാപാരന്പര്യമുള്ള കുടുംബമായിരുന്നു എന്റേത്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കൊച്ചുമകനാണ് അച്ഛൻ കെ.പി. വിശ്വനാഥമേനോൻ. അമ്മ കലാമണ്ഡലം വിമല മേനോൻ കേരളത്തിലെ അറിയപ്പെടുന്ന നൃത്താധ്യാപികയും.
വളരെ ചെറുപ്പം തൊട്ടേ നൃത്തവും സംഗീതവും അഭ്യസിക്കാൻ തുടങ്ങി. അമ്മയുടെ ശിഷ്യർ മത്സരിക്കുന്നതിനാൽ കലോത്സവങ്ങളിൽ പങ്കെടുക്കാൻ അമ്മ അനുവദിച്ചിരുന്നില്ല. എങ്കിലും എല്ലാ കലോത്സവങ്ങൾക്കും അമ്മയ്ക്കും സംഘാംഗങ്ങൾക്കുമൊപ്പം സഹായിയായി ഞാനും പോകുമായിരുന്നു. തിരുവനന്തപുരം നിർമലഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്.
പത്താംക്ലാസിലെത്തിയപ്പോൾ ഇനി വിന്ദുജയ്ക്ക് മറ്റൊരു അവസരം ലഭിക്കില്ലെന്നും അതിനാൽ ഇത്തവണയെങ്കിലും കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നും സ്കൂളിലെ സിസ്റ്റർമാർ നിർബന്ധിച്ചതോടെയാണ് അമ്മ സമ്മതിച്ചത്. പങ്കെടുക്കേണ്ട ഇനങ്ങളും സ്കൂൾ അധികൃതർ തന്നെയാണ് തീരുമാനിച്ചത്. ഭരതനാട്യം, കുച്ചുപ്പുടി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ദേശഭക്തിഗാനം എന്നീയിനങ്ങളിലാണ് മത്സരിച്ചത്. ഇതിൽ ചാക്യാർകൂത്ത് മാത്രമാണ് കലോത്സവത്തിനുവേണ്ടി പുതുതായി പഠിച്ചത്.”
കലയുടെ പൂരപ്പറന്പായി കാസർഗോഡ്
”ജീവിതത്തിലാദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു ജനസമുദ്രത്തിനുമുന്നിൽ ഞാൻ നൃത്തം ചെയ്തത്. ഓരോ വേദികളിലും പൂരപ്പറന്പിനെ വെല്ലുന്ന തിരക്കായിരുന്നു. ഒന്നാനാംകുന്നിൽ ഓരടിക്കുന്നിൽ, നൊന്പരത്തിപ്പൂവ്, ഞാൻ ഗന്ധർവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നതിനാൽ നടിയെന്ന ഇമേജും കലാമണ്ഡലം വിമല മേനോന്റെ മകളെന്ന പരിഗണനയുമൊക്കെ എനിക്കൊരു സെലിബ്രിറ്റി പരിവേഷം നൽകിയിരുന്നു.
എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല. മത്സരാർഥികൾ തമ്മിൽ യാതൊരുതരത്തിലുള്ള വിദ്വേഷവും അന്നുണ്ടായിരുന്നില്ല. ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ മേരി ആനിനെ ഞാൻ അവിടെ വച്ചാണ് പരിചയപ്പെടുന്നത്.
കലോത്സവത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സുഹൃത്തായിരുന്നു മേരി. സിനിമയിലേയ്ക്കുള്ള വഴിയായിട്ടോ മെഡിക്കൽ-എൻജിനിയറിംഗ് സീറ്റിനുവേണ്ടിയോ ഒന്നുമായിരുന്നില്ല കലോത്സവത്തിൽ പങ്കെടുത്തത്. അമ്മ തന്ന ഉപദേശമുണ്ട്. നമുക്ക് തൃപ്തി തരുന്ന രീതിയിൽ നൃത്തം ചെയ്യുക. സമ്മാനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അതാണ് ഞാനും പിന്തുടർന്നത്.
ഓടിപ്പോയി നടത്തിയ ഓട്ടൻതുള്ളൽ
“”കലോത്സവത്തെക്കുറിച്ചോർക്കുന്പോൾ രസകരമായ ഓർമയുണ്ട്. ചാക്യാർകൂത്ത് കഴിഞ്ഞയുടൻ തന്നെയായിരുന്നു ഓട്ടൻതുള്ളൽ മത്സരം. ഓട്ടൻതുള്ളൽ നടക്കുന്ന വേദി അകലെയായിരുന്നു. ചാക്യാർകൂത്ത് കഴിഞ്ഞയുടൻ ഓടി ഒരു ഓട്ടോയിൽ കയറി വേദിയിലേയ്ക്കു പാഞ്ഞു. അവിടെ ചെന്ന് മേയ്ക്കപ്പിട്ടശേഷമാണ് മത്സരത്തിൽ പങ്കെടുത്തത്. സംഘാടകരും ജഡ്ജസും എനിക്കുവേണ്ടിമാത്രം കാത്തിരുന്നു. ആ ഓട്ടം വെറുതെയായില്ല. ഫലം വന്നപ്പോൾ എനിക്ക് തന്നെ ഒന്നാംസമ്മാനം.
കലോത്സവം ആരംഭിച്ച് മൂന്നാംനാൾ എനിക്ക് 28 പോയന്റ് ലഭിച്ചിരുന്നു. അപ്പോൾ തന്നെ മാധ്യമങ്ങൾ എന്നെ അഭിമുഖം നടത്തിയപ്പോൾ എനിക്ക് സത്യത്തിൽ അത്ഭുതമായിരുന്നു. കലാതിലകത്തിന് ഒരു സ്വർണപ്പതക്കമുണ്ടെന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നു. സമാപനദിവസം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കൈയിൽനിന്നു കലാതിലകപട്ടം ഏറ്റുവാങ്ങിയത് ഇന്നലെയെന്ന പോലെ മനസിലുണ്ട്.”
“”കലോത്സവത്തിനുശേഷം പൊതുപരിപാടികളുടെയും അഭിമുഖങ്ങളുടെയും തിരക്കായിരുന്നു. ദൂരദർശൻ സജീവമായിത്തുടങ്ങിയ കാലം കൂടിയായിരുന്നു അത്. ടെലിവിഷൻ അഭിമുഖം കൂടി വന്നതോടെ എവിടെപ്പോയാലും തിരിച്ചറിയാൻ തുടങ്ങി. പത്താംക്ലാസ് പരീക്ഷ അടുത്ത സമയമായിരുന്നു അത്. സിസ്റ്റർമാർ ഇടപെട്ട് എന്നെ ഹോസ്റ്റലിലേക്കു മാറ്റി. പ്രീ ഡിഗ്രിക്ക് പഠിക്കവെയാണ് കുടുംബസുഹൃത്തായ സംവിധായകൻ ടി.കെ. രാജീവ്കുമാർ പവിത്രത്തിലേയ്ക്ക് വിളിക്കുന്നത്.
പിന്നീട് ഭീഷ്മാചാര്യ, പിൻഗാമി, വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി നിരവധി സിനിമകൾ, സ്ത്രീ ഉൾപ്പെടെയുള്ള സീരിയലുകൾ എന്നിവ ചെയ്തു.” ഭർത്താവ് രാജേഷ്കുമാർ മകൾ നേഹ എന്നിവർക്കൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്. അവിടെ നൃത്താധ്യാപിക കൂടിയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ആക്ഷൻ ഹീറോ ബിജുവിലൂടെ സിനിമയിലേയ്ക്ക് വീണ്ടും വിന്ദുജ തിരിച്ചുവന്നിരുന്നു.