പ്രദീപ് ഗോപി
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. ചേട്ടനും അനുജത്തിയുമായുള്ള ബന്ധത്തിനും പുതിയൊരു മാനം തീർക്കുകയായിരുന്നു പവിത്രത്തിലെ ചേട്ടച്ഛനും കുഞ്ഞനിയത്തി മീനാക്ഷിയും. സിനിമയിൽ ചേട്ടച്ഛനായി മോഹൻലാലെത്തിയപ്പോൾ മീനാക്ഷിയായത് വിന്ദുജയായിരുന്നു.
പ്രശസ്ത നർത്തകി കലാമണ്ഡലം വിമലാ മേനോന്റെയും എൻജിനിയറായ ശാസ്തമംഗലം കെ. പി. വിശ്വനാഥമേനോന്റെയും മകളാണ് വിന്ദുജ മേനോൻ. നാലാം ക്ലാസിൽ പഠിക്കുന്പോൾ ഒന്നാനാം കുന്നിൽ ഓരടി ക്കുന്നിൽ എന്ന സിനിമയിൽ ശങ്കറിനൊപ്പം ബാലതാരമായാണു സിനിമയിലെത്തിയത്. പിന്നീട് സവിധം, എന്റെ നൊന്പരത്തിപ്പൂവ് തുടങ്ങി ചെറുതും വലുതുമായ പന്ത്രണ്ടോളം വേഷങ്ങളിൽ അഭിനയിച്ചു. പവിത്രത്തിലൂടെ നായികാസ്ഥാനത്തെത്തിയ വിന്ദുജ ഭീഷ്മാചാര്യ, വെണ്ടർ ഡാനിയേൽ, പിൻഗാമി തുടങ്ങിയ സിനിമകളിലും പ്രധാനവേഷം ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് അവധിയെടുത്ത വിന്ദുജ ആക്ഷൻ ഹീറോ ബിജുവിലൂടെ ശക്തമായി തിരിച്ചെത്തി. ഇപ്പോൾ പ്രമുഖ ചാനലിലെ വീട്ടമ്മമാരുടെ ജനപ്രിയ റിയാലിറ്റി ഷോയിൽ ജഡ്ജിംഗ് പാനലിൽ തിളങ്ങുകയാണ് വിന്ദുജ.
സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിട്ടുള്ള വിന്ദുജയ്ക്ക് ഭരതനാട്യത്തിനു കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പ് വരെ ലഭിച്ചിട്ടുണ്ട്. അമ്മ തന്നെയാണ് പ്രധാന ഗുരു. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നു മാത്രമല്ല ചാക്യാർകൂത്ത്, കഥകളി, കൂത്ത്, ഓട്ടംതുള്ളൽ എന്നിവയൊക്കെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വീണയിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. വിന്ദുജയുടെ വിശേഷങ്ങളിലേക്ക്…
കലോത്സവം
1991-ൽ കാസർഗോട്ട് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് ഞാൻ കലാതിലകമായത്. എന്റെ കലോത്സവ ഓർമകൾ ആരംഭിക്കുന്നത് അമ്മയിൽ നിന്നാണ്, അമ്മ നടത്തിവന്ന നൃത്തവിദ്യാലയത്തിൽ നിന്നാണ്. എന്നെപ്പോലെ തന്നെ മറ്റു വിദ്യാർഥികൾക്കും അമ്മ തുല്യപ്രാധാന്യം നല്കിയിരുന്നുവെന്നു പറയാം. എന്നാൽ പലപ്പോഴും എന്നെ മാറ്റി നിർത്തിയിരുന്നു. കാരണം മാറ്റിനിർത്താൻ എളുപ്പം മക്കളായ വിദ്യാർഥികളെയാണ്. അന്ന് കുഞ്ഞായിരുന്നപ്പോൾ അതിൽ ചെറിയ വിഷമമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇന്ന് അമ്മയെ ഇത്രയധികം ബഹുമാനിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അമ്മയുടെ ആ പ്രവൃത്തിയാണ്.
ഒരു അധ്യാപിക എന്ന നിലയിൽ അമ്മയുടെ ആ നിലപാടായിരുന്നു ശരി. സ്റ്റേറ്റിൽ മത്സരിക്കാൻ പോയതൊക്കെ ഇപ്പോഴും ഞാൻ നന്നായി ഓർക്കുന്നു. പഴയ കലാതിലകവും പ്രതിഭയുമൊക്കെയായിരുന്ന വിനീത്, പൊന്നന്പിളി എന്നിവരുടെ പ്രകടനം കാണാൻ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നതൊക്കെ ഇപ്പോഴും ഓർക്കുന്നു.
എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത് 91-ൽ ഞാൻ കലാതിലകമായതാണ്. അന്ന് സ്റ്റേജിൽ കയറിയപ്പോഴാണ് ആ സ്വർണപ്പതക്കത്തിന് ഇത്രയും വിലയുണ്ടെന്നു ഞാൻ മനസിലാക്കുന്നത്. എന്റെ കഠിനപ്രയത്നത്തിനു കിട്ടിയ അംഗീകാരമായിരുന്നു അത്.
നൃത്തരംഗത്ത് സജീവം
നൃത്തരംഗത്ത് സജീവമാണോ എന്ന ചോദ്യം എനിക്കു വല്ലാത്ത വേദന നൽകുന്ന കാര്യമാണ്. കാരണം നൃത്തം ചെയ്യാൻ കഴിയില്ലെങ്കിൽ ജീവിക്കാനാകില്ല. നൃത്തം ചെയ്യാൻ അവസരം ഇല്ലാതാകുന്ന സമയത്ത് എന്റെ ജീവൻ ഉണ്ടാവരുത് എന്നാഗ്രഹിക്കുന്നയാളാണ് ഞാൻ. 28 ദിവസം മാത്രം പ്രായമുള്ളപ്പോൾ ഞാൻ നൃത്തവേദിയിൽ എത്തിയതാണ്. അമ്മയുടെ മുതിർന്ന വിദ്യാർഥികളെ വച്ച് ഓമനത്തിങ്കൾ കിടാവോ എന്ന പ്രോഗ്രാം സ്റ്റേജിൽ ചെയ്യുന്പോൾ എനിക്ക് 28 ദിവസം മാത്രമായിരുന്നു പ്രായം. എന്നെ ആ സ്റ്റേജിൽ കയറ്റിയതാണ്. ദൈവനിയോഗമാകാം അത്. ജീവിച്ചിരിക്കുന്നിടത്തോളം കാലം നൃത്തം ചെയ്യണം. അതിനു കഴിയാതെ വരുന്പോൾ എനിക്കു ജീവനുണ്ടാകരുത് എന്നാണെന്റെ ആഗ്രഹം. ചിലപ്പോൾ ഇതെന്റെ അത്യാഗ്രഹമാകാം.
ഡാൻസിൽ പരീക്ഷണം
വജ്രകേരളം ആഘോഷത്തിന്റെ ഭാഗമായി ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വയലാർ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തൃപ്പടിലാസ്യാമൃതം മോഹിനിയാട്ടത്തിൽ വേദിയിൽ ഞാനടക്കം 65 മോഹിനിയാട്ടം നർത്തികിമാർ എത്തിയത്. അമ്മ കലാമണ്ഡലം വിമലാ മേനോനായിരുന്നു ഇത്രയും നർത്തകരെ അണിനിരത്തിയുള്ള നൃത്തം സംവിധാനം ചെയ്തത്. 64 ക്ഷേത്ര കലകൾ ഉൾപ്പെടുത്തിയാണ് അതു ചെയ്തത്. മണ്മറഞ്ഞുപോയ വയലാർ, സ്വാതിതിരുനാൾ, ഇരയിമ്മൻ തന്പി, വള്ളത്തോൾ. കുഞ്ചൻ നന്പ്യാർ, കുഞ്ഞുകുട്ടി തന്പുരാട്ടി തുടങ്ങിയവരുടെ സാഹിത്യവും കടമെടുത്താണ് 50 മിനിറ്റോളം നീളുന്ന പരിപാടി രംഗത്ത് അവതരിപ്പിച്ചത്.
റിയാലിറ്റി ഷോ വിധികർത്താവ്
റിയാലിറ്റി ഷോയിൽ വിധികർത്താവാകാൻ അവസരം കിട്ടിയപ്പോൾ ഞാനേറെ സന്തോഷത്തോടെ സ്വീകരിച്ചു. കൂടെ സിനിമയും നൃത്തവും എല്ലാം മുന്നോട്ടു കൊണ്ടുപോകുന്നു. ഫ്ളവേഴ്സ് ചാനലിലെ ഹെഡ് ശ്രീകണ്ഠൻ നായർ എന്റെയൊരു അങ്കിൾ തന്നെയാണ്. അദ്ദേഹം ഞങ്ങളുടെ കുടുംബസുഹൃത്താണ്. അദ്ദേഹമാണ് എന്നെ ഈ പരിപാടിയിലേക്കു ക്ഷണിക്കുന്നത്. ഏതൊരു കലാകാരിക്കും കിട്ടുന്ന അനുഗ്രഹവും അംഗീകാരവുമായി ഇതിനെ കാണുന്നു. എന്നെ സ്നേഹിക്കുന്നവർ എല്ലാം ഇവിടെയാണുള്ളത്. അതുകൊണ്ടു സ്വീകരിച്ചു. ഷോ നന്നായി പോകുന്നു എന്നതിൽ വളരെ സന്തോഷമാണുള്ളത്.
ജോമോൾക്കൊപ്പം
എനിക്കു ശരിക്കും ഒരു ഹലോ… ഹായ്… പരിചയമുള്ള വ്യക്തിയാണ് ജോമോൾ. ജോമോൾക്കൊപ്പം വിധികർത്താവായി വരാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ രണ്ടു പേരുടെയും ഇതുവരെയുള്ള വിധിനിർണയമെല്ലാം ഒരുപോലെയായിരുന്നു. അതു വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ സിനിമയിൽ നിന്നു വിട്ടുപോയി എന്നു പറയാൻ എനിക്കു താത്പര്യമില്ല. തിരിച്ചുവരുന്നതു വരെ വേണമെന്നു പല സംവിധായകരും പറയാൻ കാരണം അവരുടെ കഴിവിൽ വിശ്വാസമുള്ളതു കൊണ്ടാണ്.
ആക്ഷൻ ഹീറോ ബിജു
എബ്രിഡ് ഷൈന്റെ ആ വിശ്വാസമാണ് എനിക്ക് ആക്്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കാൻ അവസരം നേടിത്തന്നത്. പെട്ടെന്നു വന്നു പോകുന്ന കഥാപാത്രമായിരുന്നില്ല നേരത്തെ ചെയ്തിട്ടുള്ളത്. ഈ കഥാപാത്രം മാം ചെയ്താൽ ഏറ്റവും നന്നാവും എന്നാണ് ഷൈൻ എന്നോടു പറഞ്ഞത്. ഞാൻ ആ കഥാപാത്രം ചെയ്യണമെന്നതിനു വേണ്ടി ഷൈൻ എടുത്ത പ്രയത്നം വളരെ വലുതാണ്. കാരണം എന്റെ നന്പർ കിട്ടാനായി ഒന്നര മാസത്തോളം ശ്രമിച്ചു. അതിനു ശേഷമാണ് എന്നെ വിളിക്കുന്നത്. ആക്്ഷൻ ഹീറോ ബിജുവിൽ ഞാൻ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ എത്രയോ പേർ മലയാളസിനിമയിൽ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ വേണം എന്ന ആഗ്രഹം അദ്ദേഹം നടപ്പാക്കിയെടുക്കുകയായിരുന്നു.
അമ്മവേഷങ്ങൾ
അതൊരു തെറ്റായ ഭാവനയാണ്. കല്യാണം കഴിച്ചാൽ അഭിനയിക്കാൻ പാടില്ല എന്നാണ് പലരുടെയും ധാരണ. ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് എന്റെയൊരു കഴിവുവച്ച് എനിക്കു ചെയ്യാൻ പറ്റുന്ന ഏതുവേഷവും അത് അമ്മ വേഷമായാലും ഞാൻ ചെയ്യും. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വേഷമാവരുത്, ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ഒരു വ്യത്യസ്തത ഉണ്ടാകണം. അത്രമാത്രമേയുള്ളു.
കുടുംബം
ഭർത്താവ് രാജേഷ് നന്പ്യാർ, മകൾ നേഹനന്പ്യാർ. മലേഷ്യയിലാണ് സെറ്റിലായിരിക്കുന്നത്. ഡാൻസ്-ടെലിവിഷൻ പ്രോഗ്രാമുകളും സിനിമയും വരുന്പോൾ ഇവിടെ വന്നു ചെയ്തു പോവുകയാണ് ചെയ്യുന്നത്. എല്ലാ മാസവും ഡാൻസ് പ്രോഗ്രാം ചെയ്യാനുണ്ടാകും.