കല്ലടിക്കോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ശിരുവാണിയിൽ മണ്ണിടിഞ്ഞു താഴ്ന്ന് റോഡുകൾ തകർന്നു.ശിങ്കന്പാറ ആദിവാസി കോളനിമുതൽ കേരളാമേട് വരെയുള്ള പതിനഞ്ചോളം കിലോമീറ്റർ റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. പലഭാഗത്തും പാർശ്വ ഭിത്തികൾ വിണ്ട് പൊട്ടിയിട്ടുമുണ്ട്.
അന്തർ സംസ്ഥാന നദീജല കരാർ അനുസരിച്ച് തമിഴ്നാടിന് കുടിവെള്ളം നൽകുന്നതിനായി നിർമ്മിച്ച ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അഞ്ച് കിലോമീറ്ററോളം റോഡ് പലഭാഗത്തായി പൊട്ടി ഇടിഞ്ഞു പത്ത് അടിയോളം താഴ്ന്നിട്ടുണ്ട്.
വാഹന ഗതാഗതം പോലും സാധ്യമല്ല. കേരളമേടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിലോമീറ്ററുകൾ നടന്നു വേണം ഇവർക്ക് കേരളമേട് ഫോറസ്റ്റ് ഓഫീസിൽ എത്താൻ. വനത്തിന്റെ ഉൾഭാഗത്തും പലയിടങ്ങളിലും മണ്ണിടിഞ്ഞ് താഴ്ന്നതായി സംശയിക്കുന്നു. വനത്തിൽ എവിടെയൊക്കെ മണ്ണിടിഞ്ഞു താഴ്ന്നിട്ടുണ്ടെന്നും ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും വ്യക്തമല്ല.
ശിങ്കന്പാറ ആദിവാസി കോളനിയിലെ വീടുകളിൽ കഴിയുന്നവരും ഭീതിയിലാണ്. അസുഖം വന്നാൽ പോലും പുറം ലോകത്ത് എത്തിക്കാനോ ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ശിരുവാണി വനമേഖലയിൽ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിലിനെക്കുറിച്ച് വിശധമായ പഠനം നടത്തണമെന്നും പ്രദേശ വാസികളുടെ ഭീതിയകറ്റണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
കല്ലടിക്കോട് എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തി.