വിഴിഞ്ഞം: കവർച്ചക്കേസിൽ അറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി.
മോഷ്ടിച്ച സ്വർണം വിറ്റ പണം കൊണ്ട് ആഭരണങ്ങൾ വാങ്ങാൻ ജ്വല്ലറിയിൽ കയറിയ യുവതിയെ പോലീസ് തന്ത്രപൂർവം കുടുക്കി. കൈയിലുണ്ടായിരുന്ന പണവും സ്വർണവും കണ്ടെടുത്തു.
ഇതോടെ സ്വർണപണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി ഇരുപത് പവന്റെ സ്വർണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കൂട്ടുപ്രതികൾക്കായുള്ളഅന്വേഷണവും പോലീസ് ഊർജിതമാക്കി.
കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീനിന്റെ (28) ഭാര്യ വിനീഷ (27) യെ ആണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുൻപ് കരമനയിലെ ലോഡ്ജിൽ നടന്ന കൊലപാതകക്കേസിൽ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞിറങ്ങിയ ഈ യുവതി പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണെന്നും പോലീസ് അറിയിച്ചു.
ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണവും നാലരലക്ഷം രൂപയും കണ്ടെടുത്തു.
കേസിലെ രണ്ടാം പ്രതി കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ (23) എന്നിവർ റിമാൻഡിലാണ്.
ഒന്നാം പ്രതി നവീനിനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കവർച്ച ചെയ്ത സ്വർണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്.
ഇതേ തുടർന്ന് ഒളിവിലായിരുന്ന വിനീഷയെ പോലീസ് അന്വേഷിച്ചെങ്കിലും ആദ്യം കണ്ടെത്താനായില്ല.
ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ ഇവർ നെടുമങ്ങാട്ടുള്ളതായി കണ്ടെത്തി.
കുറച്ച് സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റശേഷം പുതിയത് വാങ്ങി. തുടർന്ന് അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വർണം വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു നെടുമങ്ങാട് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.
കഴിഞ്ഞമാസം 27 ന് രാത്രിയായിരുന്നു കവർച്ച നടന്നത്. ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജംഗ്ഷനിൽ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറിന്റെ പക്കൽ നിന്നായിരുന്നു പ്രതികളിൽ രണ്ടുപേർ ബൈക്കിലെത്തി റോഡിൽ ഇടിച്ചിട്ടശേഷം പണവും സ്വർണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡുചെയ്തു. എസ്എച്ച്ഒ പ്രജീഷ്ശശി, എസ്ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, ലിജോ പി. മണി, വനിതാ എഎസ്ഐമാരായ ചന്ദ്രലേഖ, മൈന, സിപിഒമാരായ അരുൺ മണി, ഷൈനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.