കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കര്‍ണാടക പോലീസ് പിടികൂടി. ധര്മസ്ഥത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട് നിന്നുപോയ പോലീസ് സംഘം ഇയാളെ ഏറ്റുവാങ്ങി ഇന്ന് വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) ഞായറാഴ്ച മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.
മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലല്‍ നിന്ന് ഇയാളെ കുതിരവട്ടത്ത് എത്തിച്ചിരുന്നത്. ഇവിടെ ചികിത്സയിലായിരുന്നു.
2021 ജൂണില്‍ ഏലംകുളം എളാട് കുഴന്തറ ചെമ്മാട്ടില്‍ സി.െക ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയിരുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറിയാണ് കുത്തിക്കൊന്നത്.
പ്രതിയെ അന്നുരാവിലെതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നു ദൃശ്യ.
ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ചശേഷമാണ് പിറ്റേന്ന് രാവിലെ യുവതിയെ കുത്തിക്കൊന്നത്.ദൃശ്യയുടെ സഹോദരിയെയും സുഹൃത്തിനെയും താന്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ സഹതടവുകാരോട് പറഞ്ഞിരുന്നൂ.
റിമാന്‍ഡിലിരിക്കെ മുമ്പും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. മെഴുകുതിരി കഴിച്ചാണ് അന്ന ആത്മഹത്യാശ്രമം നടത്തിയിരുന്നത്. അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ക്കു പിന്നീട് ജീവന് തിരിച്ചുകിട്ടി.
ഞായറാഴ്ച രാത്രിയില്‍ ഒരു തടവുകാരന്റെ വിരലില്‍ മോതിരം കുടുങ്ങിയിരുന്നു. അതു മുറിച്ചുമാറ്റാന്‍ ഫയര്‍ ഫോഴ്സ് വന്നിരുന്നു.
എല്ലാവരും ഈ തിരക്കിലായ സമയത്ത് വിനീഷ് ഈ സാഹചര്യം ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
വീനീഷ് രക്ഷപ്പെട്ടതു സംബന്ധിച്ച് മനുഷ്യകാവകാശ കമ്മിഷന് ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
കോഴിക്കോട് കുതിരവട്ടത്ത് സുരക്ഷാ വീഴ്ച പതിവായിരിക്കുകയാണ്. വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാരും മറ്റ് ജീവനക്കാരണുമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പഴയ കെട്ടിവും തടവുകാര്‍ക്ക് ചാടിപ്പോകുന്നതിനു അനുകൂല സാഹചര്യമൊരുക്കുന്നു.
കഴിഞ്ഞ ആറുമാസത്തിനകം ഏഴുപേരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നത്. മൂന്ന് മാസം മുമ്പ് ചാടിപ്പോയ ഒരു പ്രതി വാഹനാപകടത്തില്‍ മരിച്ചിരുന്നു.