പെരിന്തൽമണ്ണ: ഏലംകുളത്തു പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയും കൊലപാതകം നടത്തുന്നതിനു മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിന്റെ കട പ്രതി അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയുമായി പോലീസ് ഇന്നുരാവിലെ തെളിവെടുപ്പ് നടത്തി.
പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങലിലെ വിനീഷ് വിനോദുമായാണ് (21) പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ വി.സജിൻശശി, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് അതിദാരുണമായി ഇന്നലെ രാവിലെ എട്ടോടെ കുത്തേറ്റു മരിച്ചത്.
ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേൽപ്പിച്ചു. 22 കുത്തുകളാണ് ദൃശ്യയുടെ ദേഹത്തേറ്റതെന്നു
ഡിവൈഎസ്പി അറിയിച്ചു. പോളിഗാർഡു കൊണ്ടുള്ള കത്തി കൊണ്ടാണ് വിനീഷ് വിനോദ് കുത്തിയത്. ഈ കത്തി ഇന്നലെ മുറിയിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.ഇന്നു രാവിലെ പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
തുടർന്നു പെണ്‍കുട്ടിയുടെ അച്ഛന്റെപെരിന്തൽമണ്ണയിലെ ടോയ്സ് കടയിലും എത്തിച്ച് പോലീസ് തെളിവെടുത്തു. തെളിവെടുപ്പു നടക്കുന്ന വിവരമറിഞ്ഞു പലയിടത്തും ആളുകൾതടിച്ചുകൂടിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ സമർപ്പിച്ചേക്കും.
കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദൃശ്യയുടെ സഹോദരി ദേവശ്രീ അപകടനില തരണം ചെയ്തു. ഇന്നലെയായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വിനീഷ്, ദൃശ്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവശ്രീയെ കുത്തിപരിക്കേൽപ്പിച്ചത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്.
കട കത്തിച്ചതുമായി ബന്ധപ്പെട്ടു സംഭവസമയം രാവിലെ പോലീസിൽ പരാതി നൽകാൻ പോയതായിരുന്നു പിതാവ് ബാലചന്ദ്രൻ. തലേദിവസം കുട്ടികളുടെ പിതാവ് ബാലചന്ദ്രന്റെ കട കത്തിച്ച് ശ്രദ്ധ മാറ്റിയ ശേഷമായിരുന്നു വിനീഷിന്റെ കൊലപാതകം.
പെരിന്തൽമണ്ണ സ്വദേശിയായ വിനീഷ് വിനോദ് ഇപ്പോൾ മഞ്ചേരിക്കടുത്ത് നറുകരയിൽ അമ്മയോടൊത്താണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചിരുന്നു. യുവാവ് ദൃശ്യയോട് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇതു നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
വിനീഷിന്റെ ശല്യം ചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് വിനീഷിനെ വിളിപ്പിക്കുകയും പെണ്‍കുട്ടിയെ ഇനി ശല്യം ചെയ്യരുതെന്നു താക്കീത് ചെയ്യുകയുമുണ്ടായി. പിന്നീടും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടിരുന്നത്രെ.
എന്നാൽ പെണ്‍കുട്ടിയും വീട്ടുകാരും നിരസിച്ചതോടെയാണ് വിനീഷ് അക്രമത്തിലേക്കു തിരിഞ്ഞത്.ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ നഗരത്തിലെ ഉൗട്ടി റോഡിലുള്ള കടയിൽ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ കട മുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു.
ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകൾ, ലെതർ ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകൾ ഏറെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
രാത്രി പത്തരയോടെ തീയണച്ചെങ്കിലും തീപിടിക്കാൻ കാരണമെന്തായിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ദൃശ്യ കുത്തേറ്റുമരിച്ചത്. നിലവിളി കേട്ടു ഓടിയെത്തിയ സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം രക്തം പുരണ്ട ഷർട്ടുമായി പ്രതി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ ഇയാളെ തടഞ്ഞുവച്ചു. വിവരമറിഞ്ഞു പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.അതേ സമയം സംഭവത്തിൽ പോലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്.
പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്ന് കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പോലീസിന്റെ ജാഗ്രത കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കുറ്റപ്പെടുത്തി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരി വസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുന്പോൾ, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമ വിരുദ്ധമായ നടപടിയാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.