കൊച്ചി: ഭർത്താവുമൊത്തു ബൈക്കിൽ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ അരൂർ മുക്കം ഭാഗത്തുനിന്നുമാണു മൃതദേഹം ലഭിച്ചത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്.
കുടുംബ പ്രശ്നങ്ങളാണു യുവതിയുടെ മരണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വയലാർ പടിഞ്ഞാറെ പൂപ്പള്ളി സെബാസ്റ്റ്യന്റെ ഭാര്യ വിനീഷ (32)യാണ് ഇന്നലെ വൈകിട്ടു നാലോടെ അരൂർ-കുന്പളം പാലത്തിൽനിന്നു കായലിലേക്കു ചാടിയത്.
ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ തന്നെ ഏൽപ്പിച്ചശേഷം യുവതി കായലിലേക്കു ചാടുകയായിരുന്നുവെന്നാണു ഭർത്താവു പോലീസിനോടു പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും മേൽനടപടികൾ പൂർ്ത്തിയായി വരുന്നതായും പോലീസ് അറിയിച്ചു.
മരട് ആലപ്പാട്ട് തോമസിന്റെ മകളാണു വിനീഷ. പത്തു വർഷം മുൻപ് വിവാഹം കഴിഞ്ഞ ഇവർക്ക് മൂന്ന് ആണ്‍കുട്ടികളാണുള്ളത്. മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ എൽകെജി വിദ്യാർഥിയുമാണ്. കഴിഞ്ഞ ആഴ്ചയിൽ ഇവർ എല്ലാവരും മരടിലെ വീട്ടിൽ വന്നു മടങ്ങിയതാണെന്നു വിനീഷയുടെ സഹോദരൻ പറഞ്ഞു. കൈക്കുഞ്ഞിനെ പോലീസ് വിനീഷയുടെ വീട്ടുകാർക്കു ഇന്നലെതന്നെ കൈമാറിയിരുന്നു.