മുംബൈ: ബ്രസീലിന്റെ ഫുട്ബോൾ കുടുംബത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുത്രൻ വിനീഷ്യസ് ജൂനിയർ ഫിഫ അണ്ടർ-17 ലോകകപ്പിൽ മൈതാനത്തിറങ്ങുന്നത് കാത്തിരിക്കുന്നവർക്ക് നിരാശരാകാം. “അത്ഭുത ബാലൻ’ വിനീഷ്യസ് ഇന്ത്യയിലേക്ക് വരില്ലെന്ന് മീഡിയ മാനേജർ ഗ്രിഗോറിയോ ഫെർണാണ്ടസ് സ്ഥിരീകരിച്ചു.
ബ്രസീലിന്റെ അടുത്ത നെയ്മർ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനീഷ്യസിന്റെ അഭാവം ടീമിന്റെ കിരീടപ്രതീക്ഷകൾക്കാണ് മങ്ങലേൽപ്പിക്കുന്നത്. ജൂനിയർ താരമാണെങ്കിലും ഒരുതവണ സീനിയർ ടീമിൽ ഈ 17 വയസുകാരൻ കളിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിൽ ഏഴുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായതോടെ വിനീഷ്യസ് ലോകശ്രദ്ധനേടുകയായിരുന്നു.
ബ്രസീൽ ക്ലബ് ഫ്ലമംഗോയുടെ മുന്നേറ്റനിരതാരമായ വിനീഷ്യസിനെ സ്വന്തമാക്കാൻ സ്പാനിഷ് ടീമായ റയൽ മഡ്രീഡ് ഈയിടെ 46 മില്യൻ യൂറോ ചെലവിട്ടിരുന്നു. അടുത്ത വര്‍ഷം ജൂലൈ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. അണ്ടർ 17 ലോകകപ്പ് അരങ്ങേറുന്ന ഒക്ടോബറിലും പയ്യൻസ് ഫ്ലമംഗോയുടെ കീഴിൽത്തന്നെ ആയിരിക്കും.