എംടി സാറിന്റെ തിരക്കഥയിൽ ഭരതേട്ടന് ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി.
എന്റെ ആദ്യ സിനിമയ്ക്ക് മുന്‍പുള്ള കാര്യമാണിത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എം ഡി സാറിന്റെ നിര്‍ദേശത്താല്‍ ഞാന്‍ ഭരതേട്ടനെ മദിരാശിയിലുള്ള വീട്ടില്‍ പോയി കണ്ടു. ഋഷിശൃംഗന്റെ കഥ മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു.
സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. പിന്നീട് ആവാരംപൂവ്, പ്രണാമം എന്നീ ചിത്രങ്ങളില്‍ ഞാന്‍ ഭരതേട്ടനൊപ്പം വര്‍ക്ക് ചെയ്തു. സിനിമ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദത്തോടെ കൂടെ ചെയ്ത ചിത്രമായിരുന്നു അത്.
ആവാരം പൂവിലെ കഥാപാത്രത്തിന് വേണ്ടി താമസിച്ചിരുന്ന നാഗര്‍കോവിലിലെ ലോഡ്ജിന്റെ ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില് കൊണ്ട് ഞാന്‍ ശരീരം കറുപ്പിച്ചിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു പത്മരാജന് സംവിധാനം ചെയ്ത നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.
വളരെ സൗമ്യ സ്വരൂപനായിരുന്നു പപ്പേട്ടന്. സംഭാഷണത്തിലെ മോഡുലേഷന് അദ്ദേഹത്തിന്റെ സെറ്റില്‍ നിന്നാണ് പഠിച്ചത്. എനിക്ക് ഷൂട്ടിംഗ് ഇല്ലെങ്കിലും ലാലേട്ടനും തിലകന് ചേട്ടനുമൊക്കെ അഭിനയിക്കുന്ന സീനുകള്‍ ഞാന്‍ പോയി കാണുമായിരുന്നു. അതെനിക്കു വലിയ അനുഭവമായി എന്ന് വിനീത് പറഞ്ഞു.