കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി (കോമ്പാറ വിനീത് 37)നെ ചോദ്യം ചെയ്യലിന് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.
ഇയാളുടെ വീട്ടില്‍നിന്ന് തോക്ക് കണ്ടെത്തിയ കേസിലാണ് ഇന്നലെ മുതല്‍ പ്രതിയെ ചോദ്യം ചെയ്യുന്നത്. വെടിവയ്പ്പിനു ശേഷം വിനീതിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും കണ്ടെടുത്തിരുന്നു.
രണ്ടു തോക്കുകളിലും തിരകള്‍ നിറച്ച നിലയിലായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഫെബ്രുവരി 11ന് രാത്രിയാണ് കതൃക്കടവ് ഇടശേരി ബാറിലെത്തിയ വിനീതും നാലു കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദിക്കുകയും തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തത്. കേസിലെ 15 പ്രതികളും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.