കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സി.കെ. വിനീതിനെതിരേ ആരാധകര്‍ ഉറഞ്ഞു തുള്ളിയതും സ്റ്റേഡിയത്തില്‍ വച്ചും സോഷ്യല്‍മീഡിയയില്‍ കൂടിയും അപമാനിച്ചതും അടുത്തിടെയാണ്. വിനീത് ഐഎസ്എല്‍ സീസണില്‍ മോശം പ്രകടനം നടത്തിയതാണ് ആരാധകരുടെ ആക്രമണത്തിന് കാരണം. ഇതിനിടെ ആരാധകര്‍ക്കെതിരേ വിനീത് രംഗത്തെത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ അതിനുശേഷം കാര്യമായ ഇടപെടല്‍ നടത്താറുമില്ല താരം. ഇപ്പോഴിതാ ഒരു ലൈവില്‍ വന്നപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിവര്‍ക്കും നൈസായി മറുപടി നല്കുകയും ചെയ്തു താരം. സഹലിനൊപ്പം ഒരു വീഡിയോയിലാണ് ആരാധകര്‍ക്ക് വിനീത് കൊട്ടു കൊടുക്കുന്നത്. ലൈവിനിടെ ഒരു ആരാധകര്‍ സഹല്‍ തകര്‍പ്പന്‍ കളിയാണെന്ന് കമന്റ് ചെയ്തിരുന്നു.
ഇത് വിനീത് ഉറക്കെ വായിച്ചു. തൊട്ടടുത്തു നിന്ന സഹലിനോടും പറഞ്ഞു. ഇത് എപ്പോഴും പറയണമെന്ന് സഹല്‍ തിരിച്ചു കമന്റടിച്ചതോടെ വിനീതും സഹലും പൊട്ടിച്ചിരിക്കുന്നതും കാണാം. വിനീതിന് സംഭവിച്ചത് തനിക്കും ഭാവിയില്‍ സംഭവിക്കാമെന്ന ധ്വാനിയാണ് സഹല്‍ നല്കിയത്. എന്തായാലും ഈ വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത ഇക്കൂട്ടര്‍ യഥാര്‍ഥ ആരാധകരല്ലെന്നു വിനീത് പറയുന്നു. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനയും അഭിമുഖത്തിനിടെ വിനീത് നല്കിയിരുന്നു. ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നത് വലിയ സമ്മര്‍ദമാണ് നല്കുന്നതെന്നും പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്നുവെന്ന പരിഭവവും താരം പങ്കുവയ്ക്കുന്നു.
കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്‍സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും ഉണ്ടായത്.
അന്നൊക്കെ മൗനം പാലിച്ച വിനീത് ഇപ്പോള്‍ ആരാധകര്‍ക്കെതിരേ ശക്തമായി തിരിച്ചടിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരുകൂട്ടം ആരാധകര്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെ വിനീതിനും കോച്ച് ഡേവിഡ് ജെയിംസിനുമെതിരേ ബാനറുകളുമായി രംഗത്തെത്തുമെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. സാക് ജെയിംസ് ക്യാംപെയ്നും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നു.