ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയിൽ മീൻ വിൽപ്പനക്കാരനായ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാത്തലവന്റെ പേരിൽ നിരവധി കേസുകൾ.
അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ(32)യാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന വിനീതിനെ ചങ്ങനാശേരി സിഐ കെ.ആർ. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനാ(27)ണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. വിനീതിനെ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളുടെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട വിഷ്ണു (22), ബുധലാൽ (21), ആദർശ് (20), രാജീവ് (24), സച്ചിൻ (21) എന്നിവരെക്കൂടി പോലീസിനു പിടികൂടാനായത്.
ഇവർക്ക് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചയ്ക്കു നേതൃത്വം നൽകുകയും അക്രമത്തിനു വിനീത് സഞ്ജയനു ക്വട്ടേഷൻ നൽകുകയും ചെയ്ത ചങ്ങനാശേരി സ്വദേശിയായ ഒരു ഗുണ്ടയെക്കൂടി ഇനി പിടികൂടാനുമുണ്ട്.
ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്. ഈ കേസിൽ കഴിഞ്ഞ ആഴ്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.