ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അടുത്തറിയും തോറും കൂടുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം ഉള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍. കഥ ആലോചിക്കുമ്പോള്‍ പ്രണവ് മനസില്‍ ഇല്ലായിരുന്നു.
പക്ഷെ എഴുതുന്നതിനു മുമ്പേ എനിക്ക് ആ കഥാപാത്രമായി പ്രണവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു . ഹൃദയത്തില്‍ അപ്പുവിനെ ആലോചിച്ച് തുടങ്ങിയത് മുതല്‍ ഓരോ സീനും എഴുതുമ്പോള്‍ എനിക്ക് അവനെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
അവന് ഇങ്ങനെയാവും ഓരോ സീനുകള്‍ ചെയ്യുക എന്നതും മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു.
എന്നാല്‍ അത് ചെയ്തു വന്നപ്പോള്‍ അവന് നമ്മളെ പ്രതീക്ഷിക്കാത്ത റൂട്ടിലേക്ക് കൊണ്ട് പോയി മനോഹരമാക്കി. 2019-ലാണ് പ്രണവിന് തിരക്കഥ വായിച്ച് കൊടുക്കുന്നത്.
കഥ പറഞ്ഞ് കൊടുത്തില്ല. പോയി തിരക്കഥ വായിച്ച് കൊടുക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ വായിച്ച് കൊടുത്തത്.
കേട്ടതിന് ശേഷം അപ്പു എന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു. ഒന്നു രണ്ട് ദിവസത്തിന് ശേഷം തന്നെ വിളിച്ചു. എന്റെ ഭാഗത്ത് നിന്ന് ഓക്കെയാണ് എന്നെക്കാള്‍ നല്ല നടന്മാരെ വെച്ച് സിനിമ ചെയ്യണമെങ്കില്‍ ചെയ്തതോളൂ എന്നായിരുന്നു പറഞ്ഞത്.
താന്‍ മറ്റൊരു ഓപ്ഷന് ചിന്തിച്ചിട്ടില്ല എന്ന് അപ്പുവിനോട് പറഞ്ഞു അത്രയ്ക്ക് വളരെ സിമ്പിളായി ചിന്തിക്കുന്ന ആളാണ് പ്രണവ് മോഹന്‍ ലാല്‍. -വിനീത് ശ്രീനിവാസന്