പതിനാറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ “ഞാൻ പ്രകാശൻ’. തനി മലയാളിയുടെ കഥ പറയുന്ന ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചിട്ടുള്ള നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിലേക്ക് ഞാൻ പ്രകാശനും എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴിത സംവിധായകൻ സത്യൻ അന്തിക്കാടിന് നന്ദി അറിയിക്കുകയാണ് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ. “എന്റെ അച്ഛനിൽ നിന്നും ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടുവന്നതിന് നന്ദി സത്യൻ അങ്കിൾ. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും ഡിസ്ചാർജായതു മുതൽ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാൻ പ്രകാശൻ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പ്രാർഥിക്കുമായിരുന്നു. ആ പ്രാർഥനകൾ ഫലം കണ്ടതിൽ ദൈവത്തോട് ഞാൻ നന്ദി അറിയിക്കുന്നു’. വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
ജയറാം-സൗന്ദര്യ ജോഡി കേന്ദ്രകഥാപാത്രമായ “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയ്ക്കു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രം ആദ്യ ഷോ മുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്.