വളരെ വർഷങ്ങൾക്കു ശേഷം തിയറ്ററിലിരുന്ന് ആർപ്പു വിളിച്ചെന്ന് നടൻ വിനീത് ശ്രീനിവാസൻ. രജനീകാന്തിന്റെ പുതിയ ചിത്രമായ പേട്ട കണ്ടതിനുശേഷമാണ് വിനീത് ശ്രീനിവാസൻ തന്റെ സന്തോഷം പങ്കുവച്ചത്.
വളരെ വർഷങ്ങൾക്കുശേഷമുള്ള രജനീകാന്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് പേട്ടയെന്നും അനേകം നാളുകൾക്കു ശേഷമാണ് താൻ തിയറ്ററിലിരുന്ന് പരിസരം മറന്ന് ആർപ്പുവിളിക്കുകയും കൈകൊട്ടുകയും ചെയ്തതെന്നും വിനീത് പറയുന്നു.
സൂപ്പർതാരത്തെ തിരികെ തന്നതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിന് നന്ദി പറയാനും വിനീത് ശ്രീനിവാസൻ മടിച്ചില്ല. അതൊരു മാസ്റ്റർ സ്ട്രോക്ക് ആയിരുന്നുവെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ആദ്യദിവസം തന്നെ പേട്ട പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. നിരവധി സിനിമാതാരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു.
ചിത്രത്തിലെ രജനിയുടെ കൂൾ ലുക്ക് പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.