മലയാളക്കരയുടെ ചുണ്ടുകളില്‍ ഈ ഓണക്കാലത്ത് വിരുന്നെത്തിയ പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍, എന്റപ്പന്‍ കട്ടോണ്ടുപോയേ എന്ന ഗാനം. വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തരംഗമായി. കോടിക്കണക്കിന് ആളുകളാണ് ഈ പാട്ടിന്റെ വിവിധ വേര്‍ഷനുകള്‍ കണ്ടുകഴിഞ്ഞത്. ഷാന്‍ റഹ്മാന്‍ സംവിധാനം ചെയ്ത ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും കൂട്ടരുമായിരുന്നു. ജിമ്മിക്കി കമ്മല്‍ അതിന്റെ പ്രയാണം തുടരുന്നതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവട് വച്ചത്. ലാലേട്ടന്‍ വക ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റില്‍ നിന്നും ഹിറ്റിലേയ്ക്ക് കുതിക്കുന്നതിനിടയിലാണ് ലാലേട്ടനെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മോഹന്‍ലാലിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് വിനീത് കുറിച്ചത് ഇതായിരുന്നു. ‘വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍’.
പോരേ പൂരം, വിനീതിന്റെ ആരാധകര്‍ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ലാലങ്കിള്‍ വേണ്ട, കൊച്ചുകുട്ടികള്‍ മുതല്‍ പടുകിളവന്മാര്‍ വരെ ലാലിനെ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആക്രമണം. വിനീതിന്റെ പോസ്റ്റിന്റെ താഴെ കമന്റുകള്‍ കുന്നുകൂടിയെങ്കിലും തൊണ്ണൂറ് ശതമാനവും വിനീതിനെ ശാസിച്ചുകൊണ്ടും കളിയാക്കികൊണ്ടുമുള്ളതായിരുന്നു. ട്രോളുകളും പിന്നാലെയെത്തി. വിനീത് പിടിച്ച പുലിവാല് എന്നാണ് ചിലയാളുകള്‍ ഇതിനെ വിശേഷിപ്പിച്ചത്.