വി. ശ്രീകാന്ത്
ഒരാൾക്കെങ്ങനാണ് ഇത്രയും കൂളാകാൻ കഴിയുക. വിനീത് ശ്രീനിവാസന്റെ കഴിഞ്ഞദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഏതൊരാൾക്കും ഈ ചോദ്യം മനസിൽ കിടന്ന് അലയടിച്ചിട്ടുണ്ടാവാം.
ഒരു വൈറൽ സംഗതിയെ എങ്ങനെ മറ്റൊരു വൈറൽ സംഗതിയാക്കാമെന്ന് വിനീത് തന്റെ വിനീതമായ മറുപടിയിലൂടെ ഓരോരുത്തർക്കും കാട്ടി തന്നു.
പൊട്ടിത്തെറിയല്ല മറിച്ച് അനുഭാവപൂർവമായ പ്രതികരണങ്ങളാണ് മുന്നോട്ടുള്ള സുഖമമായ ഒഴുക്കിന് നല്ലതെന്ന് വിനീത് തെളിയിച്ചിരിക്കുകയാണ്.
വൈറൽ വീഡിയോ
സോഷ്യൽ മീഡിയ മുഴുവൻ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഗാനമേളയ്ക്കിടെ ഇറങ്ങിയോടേണ്ടി വന്നു എന്ന രീതിയിൽ തലക്കെട്ടും കൊടുത്തു ഒരു വീഡിയോ പുറത്തേക്ക് വിട്ടു.
ആദ്യം കാണുന്ന ഏതൊരാൾക്കും അത് കണ്ടു കഴിയുന്പോൾ തലക്കെട്ടും സംഭവവും തമ്മിൽ നല്ല ബന്ധമുണ്ടല്ലോയെന്നും തോന്നും. പിന്നെ പറയണ്ടല്ലോ വീഡിയോ വൈറൽ.
യുട്യൂബ് ചാനലുകാരും സോഷ്യൽ മീഡിയയും വീഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കൂട്ടി. വിനീത് ശ്രീനിവാസൻ എയറിലായതിന് പിന്നാലെ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്നുള്ള അന്വേഷണവും തുടങ്ങി. അതോടെ കഥ മാറി.
ശരിക്കും നടന്നത്
യഥാർഥത്തിൽ എന്താണ് നടന്നതെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതു വരെ കരക്കന്പികൾ പരന്നുകൊണ്ടേ ഇരുന്നു.
ചേർത്തല വാരനാട് ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്ക് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
രണ്ടര മണിക്കൂറോളം പരിപാടി അവതരിപ്പിച്ച ശേഷം വിനീതിന് ചുറ്റും ആളുകൾ സെൽഫിയെടുക്കാൻ തടിച്ച് കൂടി. സെൽഫിയെടുക്കൽ അധികമായി ഒടുവിൽ വിനീതിനെ പിടിച്ച് നിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്ക് ഓടിയതെന്നാണ് സുനീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഈ സംഭവത്തെയാണ് അവരവരുടെ ഭാവനയ്ക്കൊത്ത് വളച്ചൊടിച്ച് നുണക്കഥകളുണ്ടാക്കി സോഷ്യൽ മീഡിയ ആഘോഷിച്ചത്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ചിലർ കാണിക്കുന്ന കുബുദ്ധി പ്രചാരണത്തിനിടയിൽ വിനീത് പെട്ടുപോവുകയായിരുന്നു.
ഇനിയും വിളിച്ചാൽ ഇനിയും വരും
കാര്യമില്ലാ കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുന്നവർക്കിടയിലേക്കാണ് വിനീത് തന്റെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. “”വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോകൾ വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്.
പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനത്തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.
ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടി വന്നു. അല്ലാതെ ആരും ഒരുതരത്തിലുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.
പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ് മുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ ഇനിയും വരും.”ഈ കുറിപ്പ് വൈറലായതോടെ വിനീതിന്റെ ഇടപെടലിനെ പറ്റിയായി ചർച്ച മുഴുവൻ.
നിങ്ങൾ പൊളിയല്ലേ…
വിനീതേട്ടാ നിങ്ങൾ പൊളിയല്ലേ… ഇത്രയും ഉയരങ്ങളിൽ നിൽക്കുന്പോഴും സൗമ്യത കൈവെടിയാത്ത പച്ചമനുഷ്യനായ നല്ലകലാകാരനാണ് വിനീത് എന്ന രീതിയിൽ നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് ചുവട്ടിൽ നിരനിരയായി വന്നുകൊണ്ടിരിക്കുന്നത്.
വിനീത് കാലാകാരൻ എന്ന നിലയിൽ മാത്രമല്ല തന്റെ സമീപനങ്ങൾ കൊണ്ട് കൂടി മറ്റുള്ളവരുടെ ഇടയിൽ സ്ഥാനം പിടിച്ചൊരാളാണ്. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്നവരുടെ ഇടയിലേക്കെത്തിയ വിനീതിന്റെ വിനീതമായ ഈ കുറിപ്പ് ഏറെ ചർച്ചകൾക്ക് തിരിതെളിച്ച് പാറിപ്പറന്ന് നടക്കുകയാണ്.