പേരൂർക്കട: അമ്പലമുക്കിൽ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവായ കൊലക്കത്തി കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം നടത്തുന്നതിനിടെ കൊലപാതകത്തിനുശേഷം താൻ ഉള്ളൂർ മെഡിക്കൽകോളജ് ഭാഗത്ത് കത്തി വലിച്ചെറിഞ്ഞതായി പ്രതി രാജേന്ദ്രൻ.
മുട്ടടയിൽ നിന്ന് ഒരു സ്കൂട്ടറിൽ കേശവദാസപുരം വഴി ഉള്ളൂർ എത്തിയശേഷം ഇവിടെ ഇറങ്ങിയാണ് കത്തി വലിച്ചെറിഞ്ഞതെന്നാണ് പ്രതി പറയുന്നത്.
ഇത് പോലീസ് വിശ്വസിച്ചിട്ടില്ലെങ്കിലും ഈ ഭാഗത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. കൃത്യം നടന്ന ചെടിക്കടയ്ക്ക് എതിർവശത്ത് കത്തി ഉപേക്ഷിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്.
അതേസമയം പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണമാലയുടെ ലോക്കറ്റ് കണ്ടെത്തുന്നതിനു വേണ്ടി ഇന്നലെ തമിഴ്നാട്ടിലെ കാവൽക്കിണർ ഭാഗത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സയിൽ എത്തിയതിനുള്ള തെളിവായി ഒരു ഒപി ടിക്കറ്റ് മാത്രമാണ് പോലീസിന് ലഭിച്ചത്.
അതിനിടെ വിനീതയെ കൊലപ്പെടുത്തി കൈക്കലാക്കിയ സ്വർണാഭരണം പണയംവച്ച് നേടിയ പണം തമിഴ്നാട്ടിൽ തന്നെയുള്ള രണ്ട് സ്ത്രീകൾക്ക് വീതിച്ചു നൽകി എന്ന് രാജേന്ദ്രൻ പറയുന്നുണ്ട്.
ഇതിൻറെ സത്യാവസ്ഥയെ കുറിച്ച് പോലീസ് അന്വേഷണം നടത്തും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ രാജേന്ദ്രനുമായി ബന്ധപ്പെട്ട കൂട്ടാളികളെ ആരെയും കസ്റ്റഡിയിലെടുക്കാൻ സാധിച്ചിരുന്നില്ല.
സ്ത്രീകൾക്ക് പണം നൽകിയത് ശരിയെങ്കിൽ അവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാവൽക്കിണറിൽ ഇന്നലെ നടന്ന തെളിവെടുപ്പിനിടെ പരിസരവാസികളുമായി പോലീസ് സംസാരിച്ചിരുന്നു.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഒരു യുവാവ് എന്നല്ലാതെ മറ്റൊന്നും ഇവർക്ക് പ്രതിയെക്കുറിച്ച് അറിയില്ല. ലോഡ്ജിലോ പരിസരത്തോ ഉള്ളവരുമായി യാതൊരു ബന്ധവും ഇയാൾക്ക് ഉണ്ടായിരുന്നില്ല.
ദിവസവാടക നൽകിയാണ് ഇയാൾ ലോഡ്ജിൽ കഴിഞ്ഞു വന്നിരുന്നത്. കത്തിയും ലോക്കറ്റും കണ്ടെത്താനാകാതെ പ്രതിയുമായി പോലീസിന് മടങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും കുളത്തിൽനിന്ന് ഷർട്ട് കണ്ടെത്തിയത് വളരെ പ്രധാനപ്പെട്ട തെളിവായിട്ടുണ്ട്.
പരമാവധി തെളിവുകൾ ശേഖരിച്ചശേഷം കസ്റ്റഡി കാലാവധി കഴിയുന്ന ഈയാഴ്ച തന്നെ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കും.