പേരൂര്‍ക്കട: അമ്പലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസ് തുടരന്വേഷണം നടത്തി. പ്രതി രാജേന്ദ്രന്റെ തമിഴ്നാട്ടിലെ ഇടപാടുകളെക്കുറിച്ചാണ് രണ്ടാംഘട്ട അന്വേഷണം നടത്തിയത്.
കന്യാകുമാരി ജില്ലയിലെ കാവല്ക്കിണറിലെത്തിയ പോലിസ് പ്രതിയുടെ ബാങ്ക് അക്കൗണ്ടകളാണ് പ്രധാനമായും പരിശോധിച്ചത്.
പ്രതി വിനീതയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണമാല മോഷ്ടിച്ച് പണയംവച്ച് നേടിയ 95,000 രൂപ വിനിയോഗിച്ച വഴികളാണ് അന്വേഷിച്ചത്.
തുകയില്‍ 15,000 രൂപ ഒരു യുവതിക്ക് നല്‍കിയതായി കണ്ടെത്തി. ഈ തുക ഇവരില്‍നിന്നു പ്രതി കടം വാങ്ങിയതാണ്.രാജേന്ദ്രന് കാവല്‍ക്കിണറില്‍ താമസിച്ചിരുന്ന ലോഡ്ജിന് 1,800 രൂപയായിരുന്നു വാടക.
മാസങ്ങളായി ഇതു മുടങ്ങിക്കിടക്കുകയായിരുന്നു .ഈ വകയില്‍ 10,000 രൂപ ഓണ്‍ലൈന്‍ വഴി നല്‍കിയതായും 25,000 രൂപ ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് ഒരു പ്രമുഖബാങ്ക് വഴി അയച്ചതായും കണ്ടെത്തി.
ഏകദേശം 50,000 രൂപയുടെ ഇടപാടുകളാണ് ഇനി കണ്ടെത്തേണ്ടത്. കുറച്ചുതുക രാജേന്ദ്രന് മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചി ട്ടുണ്ട്. കാവല്‍ക്കിണറില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.