വനംവകുപ്പിൽ അച്ഛൻ ജോലിചെയ്തിരുന്ന കാലം. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് എന്ന മലയോര കുടിയേറ്റഗ്രാമത്തിലായിരുന്നു സർവീസിന്റെ തുടക്കം.
വനപ്രദേശത്തായിരുന്നു അവിടെ അച്ഛന്റെ താമസം. താമസസ്ഥലത്തും സമീപവുള്ള റോഡുകളിലും, രാത്രിയും പുലർകാലങ്ങളിലും ആനകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. ഒപ്പം ഇഴജന്തുക്കളും…
രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ അച്ഛന് വീട്ടിൽ വരാൻ കഴിയുമായിരുന്നുള്ളു.. വരുമ്പോഴെല്ലാം കൈയിലൊരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ..
രണ്ടു ദിവസം കഴിഞ്ഞു വെളുപ്പിനെ പോകുമ്പോൾ അച്ഛന് വേണ്ടുന്ന ചോറ് പൊതികെട്ടി കൊടുത്തുവിടുന്ന അമ്മ..
അന്നൊക്കെ അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്തേക്കുറിച്ചു വലിയ അറിവൊന്നും ഞങ്ങൾക്കില്ലായിരുന്നു.. ഒരുദിവസം അച്ഛൻ ഫോൺ വിളിച്ചു ഞാനും അമ്മയും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
കോന്നിയിൽ ചെന്നിട്ട് ജീപ്പിലായിരുന്നു യാത്ര. നിറയെ കുണ്ടും കുഴികളുമുള്ള റോഡ്… നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്കു പോയപ്പോഴേക്കും വീടുകളൊന്നും കാണാതായി.
ഒടുവിലെപ്പോഴോ ജീപ്പ് നിർത്തി. വനത്തിനു നടുക്ക് കൊണ്ടുവന്നു നിർത്തിയ ജീപ്പിനു സമീപം ഞാനും അമ്മയും… അച്ഛൻ താമസിക്കുന്ന സ്ഥലത്ത് ഫോൺ സൗകര്യം ഇല്ലായിരുന്നു…
ദിവസവും മൂന്നു നാലു കിലോമീറ്റർ കാട്ടിലൂടെ നടന്നു കവലയിൽ ചെന്നാണ് അച്ഛൻ വീട്ടിലേക്കു വിളിച്ചിരുന്നത്. ഇനി എങ്ങോട്ട് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ദൂരെ അച്ഛന്റെ രൂപം കാണാനായി..
അടുത്തുവന്ന് ‘മോളെ’ എന്ന് വിളിച്ച് എന്റെ കൈയിൽ പിടിച്ചു. വിയർപ്പിൽ കുളിച്ച് ആകെ കരിവാളിച്ചിരുന്നു അച്ഛന്റെ മുഖം..
അത്യാവശ്യം അല്ലലില്ലാതെ, ഞങ്ങൾ വീട്ടിൽ കഴിയുമ്പോൾ ആ സൗകര്യം ഉണ്ടാക്കിത്തരാൻ അച്ഛൻ അനുഭവിക്കുന്ന കഷ്ടതകൾ ഓർത്ത് എന്റെ കണ്ണുനിറഞ്ഞു.
വനത്തിലൂടെ ഏറെദൂരം പിന്നിട്ടപ്പോൾ ഒരു കുടിൽ കണ്ടു.. ഇളകിയാടുന്ന തൂണുകളുള്ള ഒരു കൊച്ചുമുറി മാത്രമുള്ള കുടിൽ..
ചുറ്റോടു ചുറ്റും കാടും.. രാത്രി ആനകളെ ഓടിക്കാൻ വലിയ തകരപ്പാട്ടയിൽ കമ്പുകൊണ്ടടിച്ചു ശബ്ദം കേൾപ്പിക്കാറുണ്ടെന്നും അതിനാൽ മിക്ക രാത്രികളിലും ഉറക്കമേ ഇല്ലായെന്നും പറഞ്ഞപ്പോൾ ഞാനെന്ന മകൾ പൊട്ടിക്കരഞ്ഞു പോയി..
മിക്ക ദിവസങ്ങളിലും ചോറും, ചെറുപയറും ഒന്നിച്ചു വേവിച്ച് ഉപ്പും ഇട്ട് കഴിക്കും.. വീട്ടിലുള്ളപ്പോൾ രണ്ടോ മൂന്നോ ഇനം പച്ചക്കറികളും മീനുമില്ലാതെ ചോറു കഴിക്കാത്ത അച്ഛനാണ്..
ഒരു ആദിവാസി പയ്യൻ മാത്രമാണു കാട്ടിൽ അച്ഛനു കൂട്ട്. അമ്മ കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ അഴിച്ച് അവർ രണ്ടുപേരും ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ഞാനോർത്തു…
വീട്ടിൽ എത്രയോ ഭക്ഷണം വെറുതേ കളഞ്ഞിരിക്കുന്നു.. ഇനിയൊരിക്കലും അത് ചെയ്യില്ല..
താൻ ബുദ്ധിമുട്ടിയാലും പട്ടിണികിടന്നാലും വീട്ടിൽ ഭാര്യയും മക്കളും അതൊന്നും അറിയാതെ സന്തോഷമായി ജീവിക്കട്ടെ എന്നു കരുതുന്ന എത്രയോ അച്ഛന്മാർ…
എന്റെ അച്ഛൻ എനിക്കു പകർന്നുതന്ന വലിയൊരു പാഠമുണ്ട്. ‘അമ്മയെക്കാൾ ഒരുപടി മുകളിലാണ് അച്ഛൻ…’ അതെന്നോടു പറയാതെ കാണിച്ചു തന്നു എന്റെ അച്ഛൻ..