പേരൂർക്കട: അന്പലമുക്കിൽ ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ ഉന്നത വിദ്യാഭ്യാസം നേടിയെടുത്തുവെങ്കിലും കുപ്രസിദ്ധി നേടിയത് കൊലപാതക കേസുകളിൽ.
രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാല് കൊലപാതക കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്.
ദമ്പതിമാരെ കൊന്നത് 2014 ആണ്,അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബരജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല.
അലഞ്ഞുനടന്ന് മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി.
‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്.
ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും.
തമിഴ്നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.
ഇയാളുടെ പ്ലസ് പോയിൻറ് ആയ വിനയമാണ് കടയുടമയെ ജോലി നൽകാൻ പ്രേരിപ്പിച്ചത്.
ഇത്രയും നാളിനിടയ്ക്ക് ഇയാളിൽനിന്ന് മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ സാക്ഷ്യം.
10 ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞാലായി. ഇത് പോലീസ് സംഘത്തെ ഏറെ വിഷമിപ്പിച്ചു.
അതുകൊണ്ടുതന്നെ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിയാൻ സാധിച്ചത്.
പ്രതി മുമ്പ് തിരുവനന്തപുരത്ത് വന്നു പോയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
തെളിയാതെ കിടക്കുന്ന മാല മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് മറ്റൊരു അന്വേഷണം.
കൊല നടത്തുന്നതിനു മുമ്പ് അമ്പലമുക്കിലെ ഒട്ടുമിക്ക റോഡുകളിലും എത്തി ചില വിവരങ്ങൾ ഇയാൾ അന്വേഷിച്ചിരുന്നതായി പരിസരവാസികൾ പറയുന്നുണ്ട്.
കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും എങ്ങനെ പ്രതി മനസ്സിലാക്കി എന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്.
മൗനിയായി നടക്കുന്നതിനാൽ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നത്.
വളരെ വർഷങ്ങളായി വീട്ടുകാരുമായും ബന്ധുക്കളുമായും ഇയാൾക്ക് അടുപ്പമൊന്നുമില്ല. കൊടും ക്രൂരനായ രാജേന്ദ്രൻ വിവാഹിതനല്ല എന്നതാണ് അന്വേഷണസംഘം നൽകുന്ന വിവരം.
ചെടിക്കടയിൽ ഞായറാഴ്ച നടന്നത് എന്താണ് ..?
രാവിലെ 11.35 മുതൽ 11.55 വരെ പ്രതി ചെടിക്കടയിൽ ചെലവിട്ടു. ചെടിച്ചട്ടി ഏത് സൈസ് ആണ് വേണ്ടതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പരുങ്ങലിലായി.
അവർ ചെടിച്ചട്ടിയിൽ നോക്കിക്കൊണ്ടു നിൽക്കുന്നതിനിടെ വിനീതയെ തള്ളി താഴെയിട്ടു. എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു.
സ്വയരക്ഷയ്ക്കുവേണ്ടി വിനീത നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിക്ക് മുറിവേറ്റത്.
മാല മോഷണത്തെ എതിർത്തതോടെ വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു.
ആഴത്തിലുള്ള കുത്തിൽ സ്പൈനൽ കോർഡ് വേർപെട്ടു പോയി. ഒരു കൈ മടങ്ങിയ അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്.
കടയുടെ പടിക്കെട്ടിൽ ഇരുന്ന് മരണം ഉറപ്പിച്ചശേഷം മാത്രം പ്രതി പോയി. വിനീതയും പ്രതിയും തമ്മിൽ കശപിശ നടക്കുമ്പോൾ അടുത്തുള്ള വീട്ടുകാർ മറ്റ് ആവശ്യങ്ങൾക്ക് വാഹനവുമായി പുറത്തു പോയിരുന്നു.
എതിർവശത്തെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളത് പ്രതിക്കറിയാം.
കൂടുതൽ സമയം ഇവിടെ നിന്നാൽ പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ പ്രതി പണത്തിനു വേണ്ടി പരിശോധനയ്ക്ക് മുതിരാതെ സ്ഥലത്തുനിന്ന് പോകുകയായിരുന്നു.
രാജേന്ദ്രനുമായി കന്യാകുമാരിയിൽ തെളിവെടുപ്പ്; മാല കണ്ടെത്തി
പേരൂർക്കട: കൊലപാതകത്തിനുശേഷം വിനീതയുടെ കഴുത്തിൽനിന്നും പ്രതി പൊട്ടിച്ചെടുത്ത സ്വർണാഭരണം കന്യാകുമാരിയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി.
കാവൽ കിണറിൽ സമീപത്തെ അഞ്ചുഗ്രാമത്തിലേക്കാണ് അന്വേഷണത്തിനായി സംഘം പ്രതിയുമായി ഇന്നുപുലർച്ചെ യാത്ര തിരിച്ചത്.
അവിടെ ഒരു പണമിടപാട് സ്ഥാപനത്തിൽ വിനീതയുടെ നാലര പവൻ വരുന്ന സ്വർണാഭരണം പണയംവച്ചതായി ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തിയിരുന്നു.
ഇതാണ് ഇന്ന് രാവിലെ പോലീസ് കണ്ടെടുത്തത്. അതേസമയം താലിയുടെ ഭാഗം പണയം വച്ചിട്ടില്ലെന്നും പ്രതിയുടെ കൈവശമുണ്ടെന്നുമാണ് സൂചന.
താലിയുടെ ഭാഗത്ത് വിനീതയുടെ ഭർത്താവിൻറെ പേര് മുദ്രണം ചെയ്തതുകൊണ്ടാകാം ഇയാൾ ആഭരണത്തിന്റെ ഭാഗം വിൽക്കാത്തത് എന്നാണ് കരുതുന്നത്.
പേരൂർക്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി യാത്രതിരിച്ചത്. തെളിവെടുപ്പിനുശേഷം ഇന്നുതന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.