എടത്വ: നട്ടെല്ലിനു നാലു സർജറി കഴിഞ്ഞ വിനീത് കാലിക്കുപ്പി കണ്ടാൽ വേദന മറക്കും. എടത്വ പാണ്ടങ്കരി രാധേയം സിനുകുമാറിന്റെ ഭാര്യ വിനീത കാലിക്കുപ്പി കിട്ടിയാൽ വേദനയെല്ലാം മറന്ന് അതിൽ ചിത്രപ്പണി തുടങ്ങും.
മദ്യം നിറഞ്ഞ കുപ്പികൾ കാണുന്പോൾ തന്നെ പലർക്കും ലഹരി വരുമെങ്കിൽ മദ്യം ഒഴിഞ്ഞ കുപ്പികളാണ് വിനീതയ്ക്ക് ലഹരി. ഒഴിഞ്ഞ കുപ്പി ഏതുമാകട്ടെ വിനീതയുടെ കൈയിൽ കിട്ടിയാൽ കൗതുകവസ്തുവാകും.
ആദ്യ ഓപ്പറേഷൻ കഴിഞ്ഞ് വേദനയുമായി കഴിയുന്ന സമയത്ത് ഒരു കുപ്പിയിൽ നടത്തിയ പരീക്ഷണം വിജയിച്ചു. ഇതോടെ വേദനയും ഏകാന്തതയും മറികടക്കാൻ നിറങ്ങളെ കൂട്ടുപിടിക്കാൻ തന്നെ വിനീത തീരുമാനിച്ചു.
ബോട്ടിൽ ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചതോടെ നിരവധി കൗതുക വസ്തുക്കളാണ് നിർമിച്ചത്. പച്ച ക്കുപ്പിയിൽ കണിക്കൊന്നപ്പൂവ്, ക്രിസ്മസ് അപ്പൂ പ്പൻ, പിസ്ത തോട് കൊണ്ട് സ്ട്രോബറി, മയിൽ, പൂവ്, കിളിയുടെ രൂപം, മുന്തിരിക്കൊല, മെഴുകുതിരി, പൂവ് തുടങ്ങിയവയെല്ലാം വിനീതയുടെ കരവിരുതിൽ കുപ്പിയിൽ വിരിഞ്ഞ ചിലതുമാത്രമാണ്.
ദേവസ്വം ബോർഡ് ജീവനക്കാരിയായ വിനീതക്ക് നട്ടെല്ല് തെന്നി പോകുന്ന അസുഖമാണുള്ളത്. അവസാന ഓപ്പറേഷൻ കഴിഞ്ഞിട്ട് 20 ദിവസമേ ആയിട്ടുള്ളു.
ഇങ്ങനെ ചെയ്യുന്പോൾ വേദന അറിയാറെയില്ലെന്നും വിനീത പറയുന്നു. ട്രാവലിംഗ് ബിസിനസ് നടത്തുന്ന സിനുകുമാറും മക്കളായ അഭിഷേക്, ആദർശ് എന്നിവരും ഒപ്പം കൂടാറുണ്ട്. ഇത് ബിസിനസ് ആക്കി മാറ്റിയാലോ എന്ന ചിന്തയുമുണ്ട്