പേരൂർക്കട: തിങ്കളാഴ്ച നടന്ന രണ്ടു മണിക്കൂർ നേരത്തെ തെളിവെടുപ്പിനുശേഷം ചൊവ്വാഴ്ച പുലർച്ചെ കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി പോലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.
കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇന്നലെ നടന്ന തെളിവെടുപ്പിൽ കൃത്യം നടത്തുന്നതിന് പ്രതി ഉപയോഗിച്ച കൊലക്കത്തി കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കത്തി വലിച്ചെറിഞ്ഞു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. അനുസരിച്ച് ഒരു മണിക്കൂറോളം നേരം കത്തി കണ്ടെത്തുന്നതിന് അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
കൊലക്കത്തി പ്രതി തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കൊല നടത്തിയശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ച കന്യാകുമാരി ജില്ലയിലെ ലോഡ്ജിലും പരിശോധന നടത്തിയേക്കും.
ഇന്നലെ നടന്ന തെളിവെടുപ്പിൽ നിർണായക തെളിവായ പ്രതി ഉപയോഗിച്ച ഷർട്ട് മുട്ടട ആലപ്പുറം കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
അതേസമയം തെരച്ചിലിൽ ഷർട്ട് മാത്രമാണ് കിട്ടിയതെന്നും കത്തി ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
പോലീസ് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തമിഴിലാണ് പ്രതി ഉത്തരം നൽകിയത്.
മുട്ടടയും പരിസരവും തനിക്ക് പരിചയമുള്ളതാണെന്നും ആൾക്കാർ പെട്ടെന്ന് ശ്രദ്ധിക്കാത്ത സ്ഥലമായതുകൊണ്ടും ലോക്ഡൗൺ ദിവസമായതുകൊണ്ടും അവിടെ വസ്ത്രങ്ങൾ ഉപേക്ഷിച്ചു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
യുവതിയെ കുത്തിക്കൊലപ്പെടുത്തിയ അമ്പലമുക്കിലെ ചെടിക്കടയായ അഗ്രി ക്ലിനിക്കിലും വസ്ത്രങ്ങൾ ഉപേക്ഷിച്ചു എന്നുപറഞ്ഞ മുട്ടട ആലപ്പുറം കുളത്തിനു സമീപവുമാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി പോലീസ് പോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കുനേരേ കൈയേറ്റ ശ്രമമുണ്ടായി.
അസഭ്യം വിളികളും ആക്രോശവുമായി ജനങ്ങൾ പാഞ്ഞടുത്തതോടെ പോലീസ് പ്രതിയെ വാഹനത്തിൽക്കയറ്റി സ്ഥലംവിട്ടു.
ഷർട്ട് കണ്ടെത്തിയത് നിർണായകം
യുവതിയുടെ കൊലപാതക കേസിൽ സുപ്രധാനമായ ഒരു തെളിവായിരുന്നു പ്രതി ധരിച്ചിരുന്ന ഷർട്ട്.
ഫുൾകൈ ഷർട്ടും ധരിച്ച് പേരൂർക്കട-അമ്പലമുക്ക് റോഡിലൂടെ നടന്നു നീങ്ങുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
പ്രതി അറസ്റ്റിലായ ഉടൻ പോലീസ് ഇയാളെ എത്തിച്ചതും കത്തിയും വസ്ത്രവും കണ്ടെത്തുന്നതിനു വേണ്ടി കുളത്തിനു സമീപമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് സ്കൂബ ടീമിനൊപ്പം പ്രദേശവാസിയായ ഒരു മുങ്ങൽ വിദഗ്ധൻ കൂടി ഉദ്യമത്തിൽ പങ്കു ചേർന്നു.
ഇയാളാണ് ആദ്യം വെള്ളത്തിലേക്ക് എടുത്തുചാടിയത്. പിന്നീട് രണ്ടംഗ സ്കൂബ പാർട്ടിയും കുളത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയതിനു ശേഷമാണ് പ്രദേശവാസിയെ തെരച്ചിൽ നടത്താൻ അനുവദിച്ചത്.
രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെ മുങ്ങൽ വിദഗ്ധന്റെ കൈവശം ആദ്യം കിട്ടിയത് ഒരു പ്ലാസ്റ്റിക് സഞ്ചി.
വീണ്ടും പത്തു മിനിറ്റോളം നേരം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു ഷർട്ടിന്റെ കുറച്ചുഭാഗം കൈവശം കിട്ടി. എന്നാൽ അതും പ്രതിയുടെ വസ്ത്രം ആയിരുന്നില്ല.
ഒടുവിൽ കുളത്തിന് ചുറ്റുവേലിക്ക് അധികം അകലെയല്ലാതെ നടത്തിയ തെരച്ചിലിലാണ് ഇയാളുടെ കൈവശം തന്നെ പ്രതിയുടെ ഷർട്ട് ലഭിച്ചത്.
ഷർട്ടിൽ പോക്കറ്റും ഷോൾഡറും ചേരുന്ന ഭാഗത്ത് വട്ടത്തിൽ രക്തക്കറ മായാതെ ഉണ്ടായിരുന്നു. ഫുൾസ്ലീവ് ഷർട്ട് മുട്ട് ഭാഗത്തു വച്ച് മടക്കിയ നിലയിലായിരുന്നു.
പോക്കറ്റിൽ നിന്ന് നനഞ്ഞു കുതിർന്ന പേപ്പറുകൾ കണ്ടെത്തി. പ്രദേശവാസിയായ മുങ്ങൽ വിദഗ്ധന്റെ കൈവശം ഷർട്ട് കിട്ടിയതോടെയാണ് ടീമും തെരച്ചിൽ അവസാനിപ്പിച്ചത്.
എന്നാൽ അല്പസമയത്തിനുശേഷം ടീം വീണ്ടും ഇറങ്ങി കത്തി കണ്ടെത്തുന്ന തെരച്ചിൽ ആരംഭിച്ചു.
പക്ഷേ നിരാശയായിരുന്നു ഫലം. കൊലക്കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെത്താൻ സാധിക്കാത്തതിനാൽ കുളം വറ്റിച്ച ശേഷം വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചതായാണ് സൂചന.