പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയശേഷം അപ്രതീക്ഷിതമായി അയോഗ്യത നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന് പിന്തുണയുമായി താരനിരയും.
നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നു നടി സാമന്ത റൂത്ത് പ്രഭു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിപ്പിൽ അറിയിച്ചു.
ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമിക്കുക. ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും- സാമന്ത കുറിച്ചു.
നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർഥ പോരാളി, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു.- മോഹൻലാൽ കുറിച്ചു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അവർ ഒരു യഥാർഥ ചാമ്പ്യനായി തുടരുന്നു. അവരുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷേ, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും- മമ്മൂട്ടി കുറിച്ചു.
വിനേഷ്, നിങ്ങളാണ് ഞങ്ങളുടെ ഗോൾഡ് മെഡൽ, നിങ്ങൾ വിജയിയാണ്. സല്യൂട്ട്, നിങ്ങളോടൊപ്പമുണ്ട്, എന്നാണ് നടി പാർവതി തിരുവോത്ത് കുറിച്ചത്. ഫൈനൽ നടക്കുന്നതിന് തൊട്ടുമുൻപാണ് താരത്തിന് അയോഗ്യത ലഭിച്ചത്. ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയും അയോഗ്യയായി പ്രഖ്യാപിക്കുകയുമായിരുന്നു. വിനേഷിനെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരേ ഇന്ത്യ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനവും നടത്തി.