വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ സെമി ഫൈനലിനുശേഷം അനുവദിക്കപ്പെട്ടതിലും വിനേഷ് ഫോഗട്ടിനു 2.7 കിലോഗ്രാം വർധിച്ചതായി ടീം ക്യാന്പ് കണ്ടെത്തി.
ഒളിന്പിക്സിൽ ഗുസ്തിയിലെ ഓരോ കാറ്റഗറി മത്സരങ്ങളും രണ്ടുദിനങ്ങളിലായാണ് നടക്കുന്നത്. ആദ്യദിനം പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി പോരാട്ടങ്ങളും രണ്ടാംദിനം ഫൈനലും. ആദ്യദിനത്തിലെ മൂന്നു നോക്കൗട്ട് പോരാട്ടങ്ങളും കഴിഞ്ഞപ്പോൾ 52.7 കിലോയിലേക്ക് ഫോഗട്ടെത്തി.
അതോടെ ഭാരം കുറയ്ക്കാനുള്ള തന്ത്രപ്പാടിലേക്ക് ഫോഗട്ടിന്റെ പരിശീലകരെത്തി. രാത്രിയിൽ ഉറക്കമിളച്ച് ശരീരഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ. രക്തം ഊറ്റിക്കളഞ്ഞും മുടി മുറിച്ചും ആവിയിൽ പുഴുങ്ങിയുമെല്ലാം ഭാരം കുറയ്ക്കാൻ നോക്കി. പ്രാദേശിക സമയം രാവിലെ 7.15ന് ഒളിന്പിക് അധികൃതർ നടത്തിയ പരിശോധനയിൽ എന്നിട്ടും 50.1 കിലോഗ്രാമായിരുന്നു വിനേഷിന്റെ തൂക്കം.
തൂക്കം കുറയ്ക്കാൻ വെള്ളം, ഭക്ഷണം എന്നിവയെല്ലാം ത്യജിച്ചു നടത്തിയ കഠിനപ്രയോഗങ്ങൾ വിനേഷിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. നിർജലീകരണത്തെത്തുടർന്ന് ഗെയിംസ് വില്ലേജിലെ ക്ലിനിക്കിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ നേരിട്ടെത്തി ഫോഗട്ടിനെ ആശ്വസിപ്പിച്ചു.
ഒളിന്പിക് നിർഭാഗ്യ!
ഒളിന്പിക് വേദിയിൽ വിനേഷ് ഫോഗട്ടിനെ നിർഭാഗ്യം വേട്ടയാടുകയാണ്. 2016 റിയൊ ഒളിന്പിക്സ് ക്വാർട്ടറിൽ പരിക്കിനെത്തുടർന്നു പിന്മാറേണ്ടിവന്നു. 2020 ടോക്കിയോ ഒളിന്പിക്സിൽ വീണ്ടും നിരാശ.
ഭാരം കുറച്ചതിന്റെ ഫലമായി ന്യൂറോ പ്രശ്നമുണ്ടായി. ഗോദയിൽ എതിരാളിയെ കാണാൻപോലും സാധിക്കാതെ രണ്ടാം റൗണ്ടിൽ വിനേഷ് പുറത്ത്. 2024 പാരീസിലും നിർഭാഗ്യത്തിന്റെ വേട്ടയാടൽ, നിശ്ചിത തൂക്കത്തേക്കാൾ 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ട് ഫൈനലിൽനിന്നു പുറത്ത്.
ഒളിന്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഭാരത്തിന്റെ പേരിൽ അയോഗ്യത നേരിടുന്നത്.