പുന്നംപറന്പ്: ഭിന്നശേഷിക്കാരനായ ദേശീയ കായികതാരം എം.ആർ. വിനീഷിനു സ്പെയിനെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. കഴിഞ്ഞ മാസം സ്പെയിനിൽ നടന്ന സെറിബ്രൽ പാൾസി ബാധിച്ചവരുടെ ഷോട്ട്പുട്ടിൽ പങ്കെടുക്കാനാകാഞ്ഞതാണ് തെക്കുംകര വീരോലിപ്പാടം മധുപ്പിള്ളി വീട്ടിൽ രാമൻ -നളിനി ദന്പതികളുടെ മകനെ നിരാശനാക്കിയത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ നേടിയ താരമാണ് വിനീഷ്.
വോളിബോൾ, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഓട്ടം, ക്രിക്കറ്റ് എന്നിവയിലാണ് വിനീഷ് സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നേടിയത്. മത്സരങ്ങൾക്കായി സ്പെയിനിലേക്ക് പോകാൻ രണ്ട ു ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന സമയത്തായിരുന്നു വിഷയം അനിൽ അക്കര എംഎൽഎയുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ എംഎൽഎയുടെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ജെ. രാജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ ജേക്കബ്, സ്ഥിരംസമിതി അധ്യക്ഷൻ ഇ.എൻ. ശശി എന്നിവർചേർന്ന് ആവശ്യത്തിനു ഫണ്ടു സ്വരൂപിച്ചെങ്കിലും സ്പെയിനിലേക്കുള്ള യാത്ര തടസപ്പെടുകയായിരുന്നു.
മത്സരത്തിൽ പങ്കെടുക്കാൻ എൻട്രി ഫീസായി 80,000 രൂപയും വിസയും എയർ ടിക്കറ്റിനുമായി 80,000 രൂപയും മറ്റു ചെലവുകൾക്കായി 40,000 രൂപയുമാണ് എംഎൽഎയും മറ്റു സ്പോർട്സ് പ്രേമികളും ചേർന്ന് കണ്ടെത്തിയത്. എന്നാൽ പണവും മറ്റു രേഖകളും നല്കി ദിവസങ്ങൾ കാത്തിരുന്ന വിനീഷിന് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിസ ലഭിച്ചില്ല.
തുടർന്ന് എംപിമാർ, കേന്ദ്ര മന്ത്രി ഉൾപ്പടെ ഉന്നതരുടെ ഇടപ്പെടലുകൾ ഉണ്ടായെങ്കിലും സമയം കാത്തുനില്ക്കാത്തതിനാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ വിനീഷിന്റെ സ്പെയിനെന്ന സ്വപ്നത്തിന് തിരശീല വീഴുകയായിരുന്നു.
വിനീഷിന്റെ അച്ഛൻ രാമൻ രോഗിയാണ്.
അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. ഇന്ത്യക്കുവേണ്ട ി പോരാടാൻ ഇനിയും തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാരനായ ഈ യുവാവ്. നാട്ടുകാരനും അന്നത്തെ കായിക മന്ത്രിയുമായ എ.സി. മൊയ്തീൻ തനിക്കുവേണ്ടി ഒരു ചെറുവിരൽപോലും അനക്കിയില്ലെന്നും വിനീഷ് പറഞ്ഞു. കേരളത്തിൽനിന്നും ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ച ഏക വ്യക്തിയായിരുന്നു വിനീഷ്.