കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ബഹുമതി പത്രം.
എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്റെയും രത്നമ്മയുടെയും മകനാണ് വിനേഷ് മോൻ.
മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി വിനേഷിന് കൈയിലും കാലിലും ആറ് വിരലുകളാണുള്ളത്. വിരലുകൾ കൂടുതലുള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നുമില്ലെന്ന് വിനേഷ് പറയുന്നു.
ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണമായും സാധാരണ വിരലുകൾ പോലെ 24 വിരലുകളും ഉപയോഗിക്കാനാവുന്ന ഒരാളും ജീവിച്ചിരിപ്പില്ലെന്ന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് കണ്ടെത്തിയതോടെയാണ് ബഹുമതി നൽകാൻ നടപടിയായത്.
വൈദ്യശാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു ബഹുമതി പ്രഖ്യാപനം.
കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനേഷ് കഴിഞ്ഞ രണ്ട് വർഷമായി പൊൻകുന്നത്ത് വാഹന വർക്ക് ഷോപ്പ് നടത്തിവരികയാണ്.
ഭാര്യ ലേഖ പട്ടികജാതി സർവീസ് സഹകരണ ബാങ്ക് ജോലിക്കാരിയാണ്. മകൻ ലെവിൻ കണമല സാൻതോം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.