പെരിന്തൽമണ്ണ: ശ്വാസമടക്കിപ്പിടിച്ച് നാടും നഗരവും കാത്തിരുന്ന അര മണിക്കൂറിനൊടുവിൽ പെരിന്തൽമണ്ണയിൽ പിറന്നത് ലോകറിക്കാർഡ്. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലീം, വിന്നർ മാർഷ്യൽ ആർട്സ് സ്പോർട്സ് അക്കാദമി സ്ഥാപകനും മുഖ്യപരിശീലകനുമായ ഡോ. വിന്നർ ഷെരീഫ്, രാജേഷ് മാർത്താണ്ഡം എന്നിവരുടെ നേതൃത്വത്തിലാണ് ലോക റിക്കാർഡ് പ്രകടനം നടന്നത്.
രാജേഷ് മാർത്താണ്ഡം കാറിനു മുകളിൽ ശീർഷാസനത്തിൽ നിന്ന് ഡോ.വിന്നർ ഷെരീഫ് കണ്ണുകെട്ടി കാറോടിച്ചായിരുന്നു ലോക റിക്കാർഡ്് ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പ്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്കു സമീപത്തുനിന്നും ആരംഭിച്ച സാഹസിക യാത്ര ബൈപാസ് റോഡിൽ വളളുവനാട് സാംസ്കാരിക മഹോത്സവവേദിയിലാണ് സമാപിച്ചത്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള സാഹസിക പ്രകടനം കാണാൻ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്.
വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടൊപ്പം ഇന്നലെ വൈകുന്നേരം നാലു മണിക്കായിരുന്നു ലോകറിക്കാർഡ് സാഹസിക യാത്ര നടന്നത്. റിക്കാർഡ് പ്രകടനം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. തുടർന്ന് ജഡ്ജ്മെന്റിന്റെ എല്ലാ വിധ പരിശോധനകൾക്കും വിധേയമായ ശേഷമാണ് സാഹസിക പ്രകടനം ആരംഭിച്ചത്.
യുആർഎഫ് അഡ്ജൂഡിക്കേറ്റും ഗിന്നസ് റെക്കോഡ് ഹോൾഡറുമായ സത്താർ ആദൂരാണ് റിക്കാർഡ് പ്രകടനം വിലയിരുത്താനെത്തിയത്. തുടർന്ന് വേദിയിൽ വച്ചു തന്നെ വേൾഡ് റിക്കാർഡ് ജേതാക്കൾക്ക് യുആർ എഫ് വേൾഡ് റിക്കാർഡിന്റെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. വിന്നർ ഷെരീഫിന്റെ നേതൃത്വത്തിൽ നേരത്തെ അഞ്ച് റിക്കാർഡുകൾ നേടി പെരിന്തൽമണ്ണ ചരിത്രത്തിലിടം പിടിച്ചിരുന്നു.