പാലാ: മരണം അടുത്തെത്തിയെന്ന് ഉറപ്പിച്ചപ്പോഴും തന്റെ കൈയിൽ നിരവധി ജീവനുകളുണ്ടെന്ന ബോധ്യം കൈവിടാൻ ബസ് ഡ്രൈവർ ഒരുക്കമല്ലായിരുന്നു. നെഞ്ചുവേദന അസഹ്യമായതോടെ ഒരു കൈ നെഞ്ചിലും ഒരു കൈ സ്റ്റിയറിംഗിലുമായി പിടിച്ച് ബസ് വേഗം കുറച്ച് ഓടയിലെ സംരക്ഷണഭിത്തിയിൽ ഇടിപ്പിച്ചുനിർത്തി ഡ്രൈവർ സ്റ്റിയറിംഗിലേക്കു ചാഞ്ഞു.
പാലായിൽനിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്കു പുറപ്പെട്ട മേരിമാതാ ബസിലെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ടു വിനോദ്(51)ആണു കാനാട്ടുപാറയിലെത്തിയതോടെ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ പാലാ പ്രവിത്താനം കാനാട്ടുപാറ പള്ളിയ്ക്കു സമീപമായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരും ചേർന്ന് സജിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിനോദ് 20 വർഷമായി ബസ് ഡ്രൈവറാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന്. ഭാര്യ: ശോഭന (കോടിക്കുളം തണ്ടേൽ കുടുംബാംഗം). മക്കൾ: പ്രഫുൽ, പ്രവീണ.