കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും വീടിനുള്ളിൽ കെട്ടിയിട്ടു മർദിച്ച് കൊള്ളയടിച്ച സംഭവത്തിൽ മോഷ്ടാക്കൾ ബംഗ്ലാദേശിലേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ബംഗ്ലാദേശിൽനിന്ന് കുടിയേറി ഡൽഹിയിൽ അഭയാർഥികളായി കഴിയുന്ന സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനായില്ല.
ഇതോടെ പ്രതികളെ പ്രതികൂടാൻ പോയ കണ്ണൂർ സിറ്റി സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലേക്ക് തിരിച്ചു. കവർച്ചാസംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ നാലുപേരുടെ ഫോട്ടോയടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.
ഇവർ നാലുപേരും രാജ്യംവിട്ടതായാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ ഫോണിലൂടെ ബന്ധപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരെ ഡൽഹി, ബംഗാൾ പോലീസുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.ഫോണിലൂടെ ബന്ധപ്പെട്ടതുകൊണ്ടുമാത്രം ഒരാളെ പ്രതിയാക്കാൻ കഴിയില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്.
വലിയ കവർച്ച നടത്തിയശേഷം സ്വദേശമായ ബംഗ്ലാദേശിലേക്ക് കടക്കുന്ന സംഘം പിന്നീട് ആറുമാസത്തോളം അവിടെത്തന്നെ കഴിയുകയാണ്. അതിർത്തിരക്ഷാസേനാംഗങ്ങൾക്ക് കൈക്കൂലി നൽകിയും അതിർത്തി രക്ഷാസേനയുടെ കണ്ണു വെട്ടിച്ചും പശ്ചിമബംഗാളിനെയും ബംഗ്ലാദേശിനെയും വേർതിരിക്കുന്ന നദി കടന്നാണ് ബംഗ്ലാദേശികൾ പ്രധാനമായും ഇന്ത്യയിലേക്കു കടക്കുന്നത്.
ഇതിൽ ചിലർക്ക് ആധാർ അടക്കം ലഭിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ എറണാകുളത്തു നടന്ന കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തിലെ കൂട്ടാളികൾ തന്നെയാണ് വിനോദ് ചന്ദ്രന്റെ വീട്ടിലും കവർച്ച നടത്തിയത്.