മൈസൂരു: മൈസൂരു വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ, പാലക്കാട് സ്വദേശികളാണ് മരിച്ച രണ്ട് മലയാളികൾ. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. മരിച്ച കണ്ണൂർ സ്വദേശി തളിപ്പറന്പ് പട്ടുവത്തെ കാവുങ്കല്‍ കെ.വി.വിനോദ് (42) ആണ്.
മരിച്ച പാലക്കാട് സ്വദേശി ഹിലർ ആണെന്നാണ് ലഭ്യമായ വിവരം. മരിച്ച മൂന്നാമനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധിപേർക്കു പരിക്കേറ്റു. വൃന്ദാവന്‍ ഗാര്‍ഡനില്‍ ഷോ നടക്കുന്നതിനിടയില്‍ പെട്ടെന്നു കാറ്റും മഴയും വന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന വിനോദിന്റെ മൃതദേഹം രാത്രിയോടെ കാവുങ്കല്‍ പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും. പരേതനായ കുഞ്ഞമ്പു-സരസ്വതി ദമ്പതികളുടെ മകനായ വിനോദ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശന് (ക്ലാസിക് സിനിമ), സുരേഷ് (ഫോട്ടോഗ്രാഫര്‍), ഉമേഷ് (ഡ്രൈവര്‍), അനിത.
സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തിവിനോദിന്റെ ആകസ്മിക മരണം
തളിപ്പറമ്പ്: ആഹ്ലാദത്തിനിടയില്‍ കടന്നുവന്ന ആപത്ത് “കാറ്റാടി തണലില്‍’ കൂട്ടായ്മയിലെ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. രണ്ടു വര്‍ഷം മുമ്പു പട്ടുവം ഗവ. ഹൈസ്കൂളിലെ 1992 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനിയായിരുന്നു വിനോദ്.
2015 ല്‍ കാറ്റാടി തണലില്‍ എന്ന ഈ കൂട്ടായ്മ രൂപീകരിച്ചതു മുതല്‍ പ്രതിമാസ പരിപാടികളുമായി ഇവര്‍ സജീവമായിരുന്നു. അവധി ദിവസങ്ങളില്‍ വിനോദയാത്രയ്ക്കു പോവുന്നതും പതിവായിരുന്നു. കഴിഞ്ഞ മാസം 29 നാണു കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കാണുകയെന്ന ലക്ഷ്യത്തോടെ 28 അംഗസംഘം ടെമ്പോ ട്രാവലറില്‍ യാത്രതിരിച്ചത്.
ഇന്നലെ രാവിലെ മൈസൂരിലെത്തിയ സംഘം മൈസൂര്‍ കെട്ടാരവും മറ്റും കണ്ട ശേഷമാണു വൃന്ദാവന്‍ ഗാര്‍ഡനിലെത്തിയത്. ഷോ നടന്നുകൊണ്ടിരിക്കെ വീശിയടിച്ച കാറ്റിലും മഴയിലും നിന്നു രക്ഷനേടാന്‍ ഓടുന്നന്നതിനിടയിലാണു വിനോദിനു മേല്‍ പാര്‍ക്കിലെ കൂറ്റന്‍മരം വീണത്.
അപകടത്തിൽ വിനോദ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ തളിപ്പറമ്പില്‍ നിന്നുള്ള മൂന്നു സംഘങ്ങള്‍ അവധിയാഘോഷങ്ങളുമായി വൃന്ദാവന്‍ ഗാര്‍ഡനില്‍ ഉണ്ടായിരുന്നു. പാറക്കല്ലുകള്‍ പതിക്കുന്നതു പോലെയാണു മഴപെയ്തിറങ്ങിയതെന്നും എന്താണു ചെയ്യേണ്ടതെന്നറിയാതെ ആളുകള്‍ പരിഭ്രാന്തരായി ഓടുകയായിരുന്നുവെന്നും മൈസൂരിലുണ്ടായിരുന്ന ബേബി മാസ്റ്റര്‍ പറഞ്ഞു.