
കൊല്ലം: പ്ലാവിൻ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണിമുഴക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു. ഡീസന്റ് മുക്കിന് സമീപം വാടകയ്ക്ക് താമസിച്ചുവന്ന വിനോദാണ് (25) മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ ഇയാൾ വീടിന് സമീപമുള്ള പ്ലാവിൽകയറി കഴുത്തിൽ കുരുക്കിട്ട് നിൽക്കുകയായിരുന്നു. പ്ലാവിന് സമീപം താഴെ 11 കെവി ലൈനുകളും പോകുന്നുണ്ട്. വൻജനക്കൂട്ടം തടിച്ചുകൂടിയതോടെ ഇയാൾ കൂടുതൽ വാശിയോടെ ഭീഷണിമുഴക്കുകയായിരുന്നു.
പോലീസും ഫയർഫോഴ്സും എത്തി വിനോദിനെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങി. സീനിയർ ഫയർഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്ലാവിൽകയറുന്നതിനിടയിൽ കയർ കഴുത്തിൽ മുറുകി. ഉടൻ തന്നെ കയർ മുറിച്ച് മരത്തിൽ സ്ഥാപിച്ച ലാഡറിലൂടെ താഴെയെത്തിച്ച് ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
വിനോദിന് വിദഗ്ധ ചികിത്സ നൽകുന്നതിനിടെ പുലർച്ചെയോടെ മരിച്ചു. വിനോദ് തനിച്ചാണ് തമാസിച്ചുവന്നത്. ഇയാൾ നേരത്തെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പരിസരവാസികൾ പോലീസിനോട് പറഞ്ഞു.