മുംബൈ: ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണ് മിന്നുന്ന ഫോമിലാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ ആരാധകരും കമന്റേറ്റർമാരും പ്രശംസ കൊണ്ടു മൂടുകയാണ്. രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ രാജസ്ഥാന് റോയല്‍സിന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍, സഞ്ജുവിനെ ഇത്രമാത്രം പ്രശംസിക്കാൻ എന്താണിരിക്കുന്നതെന്ന് ചോദിച്ച് സാക്ഷാൽ വിനോദ് കാംബ്ലി രംഗത്തെത്തി. സഞ്ജുവിന്റെ ആഭ്യന്തര മത്സരങ്ങളിലെയും ഐപിഎല്‍ മത്സരങ്ങളിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമന്റേറ്റർമാർക്ക് വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ രോഷത്തോടെ കുറിച്ചത്. കാംബ്ലിയുടെ ട്വീറ്റിനെ വിമർശിച്ച് ആരാധകരും രംഗത്തെത്തി.
‘ഒരു കാര്യം ഞങ്ങൾക്ക് മനസിലായി. വെറുതെയല്ല, താനിങ്ങനെ ആയത്’ എന്നരീതിയിലുള്ള കമന്റുകളാണ് കാംബ്ലിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. കമന്റേറ്റർമാർ അവരുടെ ജോലി ചെയ്തോട്ടെ, അവരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് താങ്കൾ വലിച്ചിഴയ്ക്കുന്നതെന്നും ക്രിക്കറ്റ് പ്രേമികള്‍ കാംബ്ലിയോട് ചോദിക്കുന്നുണ്ട്.
മികച്ച കളി പുറത്തെടുത്താല്‍ കമന്റേറ്റർമാരും ആരാധകരും താരങ്ങളെ പുകഴ്ത്തും അത് സ്വാഭാവികമാണ്. അതിൽ താങ്കൾ ഇത്രമാത്രം അസ്വസ്ഥനാവേണ്ട കാര്യമില്ലെന്നും ആളുകൾ കാംബ്ലിയെ ഉപദേശിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്പോൾ മാത്രമാണല്ലോ താങ്കളെപ്പോലുള്ളവർക്ക് ബോറടിക്കുന്നതെന്നും താരങ്ങള്‍ മികവ് തെളിയിക്കുന്നതിലുള്ള അസൂയയാണ് ഈ ട്വീറ്റിന് ആധാരമെന്നും കാംബ്ലിയെ പരിഹസിക്കുന്നവരും നിരവധിയാണ്.
ഇനി നിലവിലുള്ള കമന്റേറ്റർമാർ മോശമാണെങ്കിൽ താങ്കള്‍ക്ക് ആ പണികൂടി ഏറ്റെടുത്തുകൂടേയെന്നും ആരാധകർ ചോദിക്കുന്നു. വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ് തുടങ്ങിയ പ്രമുഖരെ പിന്നിലാക്കിയാണ് യുവതാരമായ സഞ്ജു ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നതെന്നത് താരത്തിന്റെ മികവിന് തെളിവാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.