തൃശൂര്: ഉത്തരവാദിത്വമുള്ള റെയിൽവേ ഉദ്യോഗസ്ഥന്റെ റോൾ ജീവിച്ചുതീർക്കുന്നതിനിടെ തിരക്കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റിൽ പൊലിഞ്ഞത് ഒരു കലാഹൃദയൻ നെഞ്ചേറ്റിയ സിനിമാമോഹങ്ങളും. ഇന്നലെ ട്രെയിനിൽ നിന്ന് അക്രമി തള്ളിയിട്ടുകൊന്ന ടിടിഇ വിനോദ് കണ്ണൻ വെറുമൊരു റെയിൽവേ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല, സഹപ്രവർത്തകർക്കിടയിൽ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു.
തിരക്കിട്ട റെയിൽവേ ജോലിക്കിടയിലും തന്റെ സ്വപ്നങ്ങൾക്കു നിറംപകർന്ന കലാകാരൻ. ഗ്യാങ്സ്റ്ററിൽ മമ്മുട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനി, മോഹൻലാൽ – പ്രിയൻ ചിത്രമായ ഒപ്പത്തിൽ ഡിവൈഎസ്പി തുടങ്ങി ജോസഫ്, പുലിമുരുകൻ, ആന്റണി, വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാ ദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മ@യാഹു, പെരുച്ചാഴി, വിക്രമാദിത്യൻ എന്നീ സിനിമകളിൽ ഒരുപിടി ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു.
കുട്ടിക്കാലം മുതലേ വിനോദിന്റെ മനസിൽ ചേക്കേറിയതായിരുന്നു സിനിമാമോഹം. സ്കൂൾതലം മുതലേ കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇഷ്ട ഇനങ്ങളായ നാടകത്തിലും മിമിക്രിയിലും നിറയെ സമ്മാനങ്ങൾ വാരിക്കൂട്ടി. വളർന്നപ്പോൾ ഇഷ്ടം ജീവിതത്തിനു വഴിമാറി, അങ്ങനെ റെയിൽവേ ഉദ്യോഗസ്ഥനായി. അപ്പോഴും നെഞ്ചിലെ സിനിമാക്കനൽ കെടാതെ സൂക്ഷിച്ചിരുന്നു.
തന്റെ സ്കൂൾ സഹപാഠിയായിരുന്ന സംവിധായകൻ ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റർ ചിത്രത്തിലൂടെയാണ് വിനോദ് കണ്ണന്റെ സിനിമാ അരങ്ങേറ്റം. അതിലെ ഗുണ്ടാത്തലവനായുള്ള പ്രകടനം പിന്നീടു ചെറിയ ധാരാളം വേഷങ്ങൾക്കുള്ള അവസരങ്ങളായി.ഒരോ ചെറിയ വേഷങ്ങളിലും അഭിനയിച്ചുമടങ്ങുന്പോൾ വിനോദിന്റെ മനസു പറയുമായിരുന്നു എന്റെ ഊഴം വരാനിരിക്കുന്നേയുള്ളൂവെന്ന്. എന്നാൽ കാലത്തിന്റെ ചൂളംവിളി കരുതിവച്ചത് ഒരു ട്രെയിൻ യാത്രയ്ക്കിടയിലെ ദുരന്ത ക്ലൈമാക്സായിരുന്നു.