മുംബൈ: പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(71) അന്തരിച്ചു. അർബുദത്തെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.
1968ൽ പുറത്തിറങ്ങിയ “മൻ ക മീത്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഖന്ന 1970-80 കാലഘട്ടത്തിൽ മുൻനിര നായകനായിരുന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1999ൽ ഫിലിംഫെയർ സമഗ്ര സംഭാവന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ഖന്നയ്ക്ക് ലഭിച്ചു.
1997 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിൽ എത്തി. 1999ൽ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി.നടന്മാരായ അക്ഷയ് ഖന്നയും രാഹുൽ ഖന്നയും അടക്കം നാലു മക്കളുണ്ട്.