എന്നെ ആ കഥാപാത്രം ഏല്‍പ്പിക്കാന്‍ സംവിധായകന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല! എന്നാല്‍ പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചുകളഞ്ഞു; രാക്ഷസന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെക്കുറിച്ച് നടന്‍ വിനോദ് സാഗര്‍ പറയുന്നു

സൗത്ത് ഇന്ത്യയില്‍ മുഴുവന്‍ ഒരുപോലെ തരംഗമായ സിനിമയാണ് രാക്ഷസന്‍. ത്രില്ലര്‍ വിഭാഗത്തില്‍ അടുത്തിടെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മനോഹരമായ ഒരു ചിത്രം. സൂപ്പര്‍ താരങ്ങളാരും തന്നെയില്ലാതെ വന്‍ വിജയക്കുതിപ്പ് നടത്തിയ ചിത്രം.

പല പ്രത്യേകതകളുണ്ടായിരുന്ന ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകതയാണ്, വില്ലനോട് തോന്നിയതിനേക്കാള്‍ വെറുപ്പ് പ്രേക്ഷകര്‍ക്ക് തോന്നിയത് മറ്റൊരു കഥാപാത്രത്തോടാണ് എന്നത്. ഇമ്പരാജ് എന്ന അധ്യാപകന്റെ കഥാപാത്രമായിരുന്നു അത്. ഒരു കഥാപാത്രത്തിന്‍ മേല്‍ പ്രേക്ഷകരില്‍ സ്നേഹവും ദേഷ്യവും സൃഷ്ടിക്കുന്നതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ആ നടനാണ്. ഇമ്പരാജ് എന്ന അധ്യാപകനെ അവിസ്മരണീയമാക്കിയത് വിനോദ് സാഗറാണ്.

എന്നാല്‍ താന്‍ മലയാളിയാണെന്ന വെളിപ്പെടുത്തലാണ് വിനോദ് സാഗര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരഭിമുഖത്തിലാണ് കേരളവുമായുള്ള ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. അച്ഛന്റെ നാട് കൊല്ലത്താണ് അമ്മ ഒറ്റപ്പാലത്തുകാരിയും. എന്നാല്‍ തങ്ങള്‍ വളര്‍ന്നത് ചെന്നൈയിലാണ്. കഴിഞ്ഞ രണ്ട് മൂന്ന് തലമുറകളായി ചെന്നൈയിലാണ് താമസിക്കുന്നത്. ഇതുവരെ അച്ഛന്റേയും അമ്മയുടേയും ജന്മസ്ഥലത്ത് പോയിട്ടില്ലെന്നും വിനോദ് പറഞ്ഞു. ഭാര്യ പ്രിജിഷ കോഴിക്കോട് സ്വദേശിനിയാണ്. മലയാളം വായിക്കാനും എഴുതാനും അറിയില്ല. എങ്കിലും നന്നായി സംസാരിക്കുമെന്നും വിനോദ് പറയുന്നു. ഇമ്പരാജ് എന്ന കഥാപാത്രത്തെക്കുറിച്ചും വിനോദ് പറയുകയുണ്ടായി.

തനിയ്ക്ക് കരുതിവെച്ചിരുന്ന കഥാപാത്രമല്ലായിരുന്നു ഇത്. സംവിധായകന്‍ രാം കുമാര്‍ സാറിനോട് ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു. എന്റെ ചോദ്യം കേട്ട് അദ്ദേഹം മൗനമായിരുന്നു. പിന്നീട് പകുതി സമ്മതം അറിയിക്കുകയായിരുന്നു. തന്നില്‍ ഈ കഥാപാത്രം പൂര്‍ണ്ണമായി വിശ്വസിച്ചേല്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ച നടന് വരാന്‍ പറ്റാതായതോടെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു.

സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവര്‍ ഓക്കെ പറഞ്ഞത്. എല്ലാവര്‍ക്കും സംശയമായിരുന്നു ഞാന്‍ ഈ കഥാപാത്രത്തിന് അനിയോജ്യനാണോ എന്ന്. ഇത്രയും ഹെവിയായ ഒരു കഥാപാത്രം എന്നെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു എല്ലാവരുടേയും സംശയം. അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാര്‍വരെ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. തന്റെ ഗെറ്റപ്പ് വല്ലാത്തൊരു പ്രശ്നമായിരുന്നു. താടിയൊക്കെ വെച്ചിട്ടുള്ള ഒരു ഗുണ്ട ഗെറ്റപ്പായിരുന്നു എന്റേത്.

എന്നാല്‍ അതൊക്കെ ഷേവ് ചെയ്ത് ഒരു കണ്ണടയും കുറച്ച് ലൂസായിട്ടുളള ഷര്‍ട്ടും ധരിച്ചപ്പോള്‍ ഗെറ്റപ്പില്‍ മാറ്റം വന്നു. തമിഴ്‌നാട്ടില്‍ മാത്രമേ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്ന് ലഭിച്ച പ്രതികരണം ഞെട്ടിപ്പിച്ചുവെന്നും വിനോദ് പറഞ്ഞു. സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇത് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അധികം വന്നിട്ടില്ലെങ്കിലും കേരള സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും വിനോദ് പറഞ്ഞു.

Related posts