കോട്ടയം: കൊടൂരാറ്റിൽ കൊല്ലാട് കളത്തിൽകടവിൽ മുങ്ങി താഴ്ന്ന വിദ്യാർഥികളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു സമീപവാസിയും മുൻ സൈനികനുമായ കൊല്ലാട് മഠത്തിൽ എം.ടി. വിനോദ്. ആറ്റിൽ മുങ്ങിത്താഴുന്ന വിദ്യാർഥികളുടെ നിലവിളി കേട്ടാണു വിനോദ് ഓടിയെത്തിയതും ആറ്റിലേക്കു ചാടി ഒരാളെ കരയ്ക്കെത്തിച്ചതും. ഇന്നലെ രാവിലെ 11നാണു മരിച്ച ടോണിയും മൂന്നു സുഹൃത്തുക്കളും കളത്തിൽക്കടവിൽ എത്തിയത്.
ഇവർ ചന്തക്കടവിൽ ഒത്തു ചേർന്നു മൂന്നു ബൈക്കുകളിലായാണു കളത്തിൽക്കകടവിൽ എത്തിയത്. ടോണിയും, മണിമല സ്വദേശി ജസ്റ്റിൻ മാത്യു സെബാസ്റ്റ്യനും(22), ചിങ്ങവനം സ്വദേശി സ്റ്റെമിൻ ടോമും (22), കുമരകം സ്വദേശി ജിത്തു ചെറിയാൻ ജോയി(22)യും ഒന്നിച്ചാണ് ബൈക്കുകളിലായി സംഭവ സ്ഥലത്ത് എത്തിയത്. കോളജിൽനിന്നു ഹാൾ ടിക്കറ്റ് വാങ്ങിയശേഷം കുളിക്കുന്നതിനായാണ് നാലംഗ സംഘം കളത്തുക്കടവിലെത്തിയത്.
ആറിന്റെ തെക്കുഭാഗത്തെ പാലത്തിനോടു ചേർന്നുള്ള ഭാഗത്ത് അൽപനേരം ഇരുന്നശേഷം നാലു പേരും നീന്താനിറങ്ങി. ഇതിൽ ഒരാൾ ആദ്യമേ പിൻവാങ്ങി. ബാക്കി മൂന്നു പേർ മറുകരയിലേക്ക് നീന്തിയെങ്കിലും ഒരാൾ മാത്രമേ അക്കരെയെത്തിയുള്ളു. മറ്റു രണ്ടു പേർ വെള്ളത്തിൽ കിടന്നു കൈകാലിട്ടടിക്കുകയും അലറുകയും ചെയ്തു. ബഹളം കേട്ടാണ് ആറിന്റെ വടക്കേകരയിലുള്ള കൊടൂർ റസ്റ്ററന്റ് നടത്തുന്ന മുൻസൈനികൻ കൂടിയായ കൊല്ലാട് മഠത്തിൽ വിനോദ് സംഭവമറിഞ്ഞത്.
ഒറ്റ നോട്ടത്തിൽ തന്നെ നീന്തൽ അറിയാത്തവരാണ് വെള്ളത്തിൽ അകപ്പെട്ടതെന്ന് മനസിലായി. ഉടൻ തന്നെ ഇദേഹം ആറ്റിലേക്ക് ചാടി ഒരാളെ രക്ഷപ്പെടുത്തി. അതിനു ശേഷമാണ് ടോണിയെ കാണാനില്ലെന്ന് കൂട്ടുകാർ അറിയിച്ചത്. തുടർന്ന് വിനോദും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ടോണിയുടെ മൃതദേഹം കണ്ടെടുത്തത്. കാണാതായി അര മണിക്കൂർ കഴിഞ്ഞാണ് ടോണിയെ കണ്ടെത്താനായത്. വിനോദിന്റെ ഇടപെടൽ ഇല്ലായിരുന്നവെങ്കിൽ രണ്ടു പേർ വെള്ളത്തിൽ മുങ്ങിത്താഴുമായിരുന്നു.