കൊയിലാണ്ടി: നിലംപൊത്താറായ കൂരയ്ക്കുകീഴിൽ പ്ലാസ്റ്റിക് ഷീറ്റ് മറയാക്കി ഏക മകളോടൊപ്പം ദുരിതജീവിതം നയിക്കുന്ന വിനോദിനി അധികൃതരുടെ കണ്ണിൽ “ദാരിദ്യ്രരേഖയ്ക്ക് മുകളിൽ’. കൊയിലാണ്ടി ചെറിയമങ്ങാട് തോട്ടുപറന്പിൽ വിനോദിനിയും മകൾ പ്രിയങ്കയും ഉൾപ്പെടുന്ന രണ്ടംഗ കുടുംബമാണ് റേഷൻ മുൻഗണനാ പട്ടികയിൽനിന്നും പുറത്തായത്.
ചെറിയമങ്ങാട് 35-ാം ഡിവിഷനിലെ നാല് സെന്റ് ഭൂമിയിൽ ഇപ്പോഴും ചെറുകൂരയിൽ താമസിക്കുന്ന വിനോദിനിയുടെ ദുരിതകഥയറിഞ്ഞ് മാസങ്ങൾക്കുമുന്പ് സേവാഭാരതി പ്രവർത്തകരാണ് ഇവർക്ക് വീടുപണിയാൻ സഹായമെത്തിച്ചത്.
വീടിന്റെ തറക്കല്ലിടൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിതാനന്ദപുരി സ്വാമികളാണ് നിർവഹിച്ചത്.
വീടിന് തറക്കല്ലിട്ടതിനുശേഷം തുടർപ്രവൃത്തിക്കായി വീടില്ലാത്തവർക്കുള്ള സർക്കാരിന്റെ ധനസഹായത്തിനായി കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. ഇതിനിടെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്കുയർത്തി സർക്കാർ “സഹായം’ നൽകിയത്.