കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്പാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി.
ചോദ്യംചെയ്യലിനു ഹാജരാകാൻ രണ്ടാംതവണയാണു കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ 10നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന.
വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താൽ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം.
ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റര്‍ ഫ്ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്നു വിനോദിനി പറയുന്നു.
ചോദ്യംചെയ്യല്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്നു കസ്റ്റംസ് കരുതുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്ന നിര്‍ദേശം സിപിഎം നേതൃത്വം വിനോദിനിക്കു നല്കിയിട്ടുള്ളതായും അറിയുന്നു.
ലൈഫ് മിഷന് പദ്ധതിയുടെ കരാറുകാരായ യുണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പന് കൈക്കൂലിയായി നല്കിയ ആറ് ഐ ഫോണുകളില്‍ ഒന്നു വിനോദിനിക്ക് എങ്ങനെ ലഭിച്ചുവെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.