സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കസ്റ്റംസിന്റെ മുന്നിൽ വിനോദിനി ഹാജരാകും.
കസ്റ്റംസ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് വിനോദിനി ഹാജരായിരുന്നില്ല.
കഴിഞ്ഞ 30ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് ഒടുവിൽ നോട്ടീസ് നല്കിയത്. 30നും ഹാജരായില്ലെങ്കിൽ വാറണ്ട് അയയ്ക്കുമെന്നും കസ്റ്റംസ് നോട്ടീസിൽ പറഞ്ഞിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം.
കാരണം ഈ സമയം വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താൽ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം പാർട്ടി എടുത്തത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് വിനോദിനിക്ക് അനുകൂലമായപക്ഷം കസ്റ്റംസിന് മുന്നിൽ ഇനി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് പ്രശ്നമില്ലെന്നാണ് വിലയിരുത്തൽ.
വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോൺ ആണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഡോളർക്കടത്ത് കേസിൽ പ്രതിയായ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ യുഎഇ കോൺസുലേറ്റിനു നൽകിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ.
ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദിനി ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.