സ്വന്തം ലേഖകന്‍
കൊച്ചി: സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനു കസ്റ്റംസ് അയച്ച നോട്ടീസ് എവിടെ പോയി?. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഹാജരാകേണ്ട വിനോദിനി ബാലകൃഷ്ണന് ഹാജരാകാതെ മാറിനിന്നതിന്റെ പ്രധാനകാരണമായി പറയുന്നതു നോട്ടീസ് ലഭിച്ചില്ലെന്നാണ്.
എങ്കില്‍ ആ നോട്ടീസ് എവിടെ പോയി എന്നതാണ് കസ്റ്റംസ് പരിശോധിക്കുന്നത്.എന്നാല്‍ തെരഞ്ഞെടുപ്പു സമയത്തു ഹാജരായി സിപിഎമ്മിനു ക്ഷീണമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ പൊതുനിലപാട് അനുസരിച്ചാണ് ഹാജരാകാത്തതെന്ന് അറിയുന്നു.
വീണ്ടും അയയ്ക്കും
ഇന്നലെ ഹാജരാകാത്ത സാഹചര്യത്തില്‍ കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കും. മൂന്നു തവണ നോട്ടീസ് നല്കിയ ശേഷവും വിനോദിനി ഹാജരാകുന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ തീരുമാനം.
ഇതേ സ്ഥിതിയില്‍ സ്പീക്കറും നാളെ കസ്റ്റംസിന്റെ മുന്നില്‍ ഹാജരാകാനുള്ള സാധ്യതയില്ല. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്പീക്കര്‍ക്കും കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിന് കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈയില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.