കൊച്ചി: വാക്കേറ്റത്തെത്തുടർന്നു നഗരമധ്യത്തിൽ സുഹൃത്തിനെ ഇരുന്പുവടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഗാന്ധിനഗറിൽ ചായക്കട നടത്തുന്ന ഉദയാ കോളനി നിവാസി വിനോയ് കുമാറിനെ (കുട്ടൻ -37) കൊലപ്പെടുത്തിയ കേസിൽ ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കിസാൻ കോളനി നിവാസിയുമായ അജിത് ആന്റണി(27)യെയാണു പോലീസ് പിടിയിലായത്. ഒരു സ്ത്രീയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു ഇന്നലെ വൈകിട്ട് അഞ്ചോടെ വിനോയ്കുമാറിന്റെ ചായക്കടയ്ക്കുള്ളിൽവച്ചായിരുന്നു കൊലപാതകം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വിനോയിക്കും അജിത്തിനും ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും കാമുകിയായ അവർ ഇപ്പോൾ വിദേശത്താണ്. വിനോയിയുമായി ബന്ധം തുടരുന്നുണ്ടെങ്കിലും അജിത്തിനെ ഒഴിവാക്കി. ഇതു വൈരാഗ്യത്തിനിടയാക്കി. ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കാനാണ് അജിത് ബൈക്കിൽ വിനോയിയുടെ ചായക്കടയിലെത്തിയത്. തുടർന്നുണ്ടായ തർക്കത്തെതുടർന്ന് അജിത് ഇരുന്പുകന്പികൊണ്ട് വിനോയിയുടെ തലയ്ക്കടിക്കുകയും കഴുത്തിനു കുത്തുകയുമായിരുന്നു.
സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും വിനോയിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം ബൈക്കിൽ കടന്ന അജിത്തിനെ അര മണിക്കൂറിനുള്ളിൽ തമ്മനം കിസാൻ കോളനിയിൽനിന്നാണു പോലീസ് പിടികൂടിയത്. നേരത്തെ ഉദയാ കോളനി നിവാസിയായിരുന്ന ഇയാൾ മൂന്നു മാസമായി കിസാൻകോളനിയിൽ താമസിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശപ്രകാരം എസിപി ലാൽജി, സെൻട്രൽ സിഐ അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, പൗലോസ്, എഎസ്ഐമാരായ ജോസഫ്, മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, സുരേഷ്, മനോജ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും.