മരട്: നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച ശേഷം പണം നൽകാതെ മുങ്ങുന്നതു പതിവാക്കിയയാൾ ഒടുവിൽ കുടുങ്ങി. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻതുകയ്ക്കുള്ള മുറി വാടകയ്ക്കെടുത്ത ശേഷം പണം നൽകാതെ രക്ഷപ്പെടുന്നതിനിടെയാണു തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിൻസന്റ് ജോൺ (60) പോലീസിന്റെ പിടിയിലായത്.
ഫോണിൽ മുന്തിയ സ്യൂട്ട് റൂം ബുക്ക് ചെയ്ത പ്രതി വെള്ളിയാഴ്ചയാണു ഹോട്ടലിൽ താമസിക്കാനെത്തിയത്. മുറിക്ക് അഡ്വാൻസ് നൽകാൻ സാധിക്കില്ലെന്നും തന്റെ സുഹൃത്ത് വന്നാലുടൻ മുഴുവൻ പണവും നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ താമസം തരപ്പെടുത്തിയത്. വസ്ത്രധാരണവും ഇംഗ്ലീഷ് ഭാഷയിലുള്ള സംസാരരീതിയും കണ്ടപ്പോൾ ഹോട്ടൽ ജീവനക്കാരും അവിശ്വസിച്ചില്ല.
എന്നാൽ, മുറിയെടുത്ത ആദ്യ ദിവസംതന്നെ വൻതുകയ്ക്കുള്ള ഭക്ഷണ- പാനീയങ്ങൾ അകത്താക്കിയതോടെ പകുതി തുകയെങ്കിലും അടയ്ക്കാൻ ഹോട്ടലുകാർ ആവശ്യപ്പെട്ടു. ഇതോടെ മുറിപൂട്ടിയിറങ്ങിയ വിൻസന്റ് ജോൺ പതിവുശൈലിയിൽ മുങ്ങി. ഹോട്ടലുകാർ ഉടൻതന്നെ ഫോൺവഴി പോലീസിൽ അറിയിച്ചു. ഹോട്ടലുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നഗരത്തിൽ തെരച്ചിൽ നടത്തി. വസ്ത്രധാരണവും രൂപസാദൃശ്യങ്ങളും വച്ച് അന്വേഷണം നടത്തിയ പോലീസ് വൈറ്റില മൊബിലിറ്റി ഹബിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
സമാനമായ രീതിയിൽ ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ട്. ഡൽഹിയിൽ മാത്രം 18 ആഡംബര ഹോട്ടലുകളിൽ തട്ടിപ്പു നടത്തി. 1996 മുതൽ നടത്തിവരുന്ന ഹോട്ടൽ സുഖവാസത്തിനിടെ ലാപ്ടോപുകൾ മോഷ്ടിച്ചതിനും കേസുകളുണ്ട്. 2016 ഒക്ടോബർ വരെ ഇയാൾ സംസ്ഥാനത്ത് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു. എറണാകുളം സൗത്ത് സിഐ സിബി ടോമും സംഘവുമാണു പ്രതിയെ പിടികൂടിയത്.