കോട്ടയം: കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിൽ നിന്നും പാർക്ക് ചെയ്യുന്ന ലോറികളിൽ നിന്നും മോഷണം നടത്തുന്ന മാഫിയ സംഘത്തിനു വേണ്ടി കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കോടിമത ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും 50,000 രൂപയുടെ സാധനങ്ങൾ മോഷ്്ടിച്ച രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം സ്വദേശി എം.ആർ. വിനു(39), തൃശൂർ സ്വദേശി കെ.പി. പ്രിൻസ്(38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 22നു രാത്രിയിൽ വെള്ളാറ കണ്‍സ്ട്രക്ഷൻസിന്റെ രണ്ട് ലോറികളിൽ നിന്നായി സ്പീഡോ മീറ്റർ, ഡ്രൈവറുടെ സീറ്റ്, പടുത എന്നിവയാണ് ഇരുവരും ചേർന്നു മോഷ്ടിച്ചത്.
മോഷണം നടന്നതായി മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി പേരടങ്ങുന്ന മോഷണ സംഘം കോട്ടയത്ത് തന്പടിച്ചിരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
മോഷണ വസ്തു വിൽക്കാൻ ഇടനിലക്കാർ
ലോറികളിൽ മോഷ്്ടിക്കുന്ന ബാറ്ററികൾ ഉൾപ്പെടെയുള്ള മോഷ്ടിക്കുന്ന സാധനങ്ങൾ വില്പന നടത്തുന്ന സ്ഥലങ്ങളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തും. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങൾ വില്പന നടത്തുന്നതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നാളുകളായി കോടിമതയിലും മണിപ്പുഴയിലും പാർക്ക് ചെയ്യുന്ന ലോറികളിൽ മോഷണം നടക്കുന്നതു പതിവ് സംഭവമാണ്.
മോഷണം പട്ടാപ്പകൽ
കോട്ടയത്തേക്കും സമീപ പ്രദേശങ്ങളിലേക്കും സാധനങ്ങളുമായി എത്തുന്ന നാഷണൽ പെർമിറ്റ, കണ്ടെയ്നർ ലോറികൾ കോടിമതയിലും, മണിപ്പുഴയിലുമാണ് പാർക്ക് ചെയ്യുന്നത്.
രാത്രിയിലും പുലർച്ചെയുമായി എത്തുന്ന ലോറികളിലെ ചരക്ക് ഇറക്കിയശേഷം ഡ്രൈവറും ക്ലീനർമാരും വിശ്രമത്തിലായിരിക്കും.
ഇതോടെ ഇവിടെ പകൽ സമയത്ത് ആളുകൾ കുറവായിരിക്കും. ഈ സമയത്താണ് മോഷ്ടടാക്കളുടെ സംഘം സ്ഥലത്തെത്തുന്നത്. മോഷ്്ടാക്കൾ ബാറ്ററികൾ ഉൾപ്പെടെയുള്ളവ എടുത്തശേഷം ഉടൻ സ്ഥലംവിടുകയാണ് പതിവ്.
നാളുകൾക്കു മുന്‍പു ലോറിയിൽ നിന്നും മോഷണം നടത്തുന്നതു തടയാൻ ശ്രമിച്ച ഡ്രൈവറെ കന്പിവടിയ്ക്കു അടിക്കുകയും മർദിക്കുകയും ചെയ്ത സംഭവമുണ്ടായതോടെ ഇവിടെക്കുള്ള പോലീസിന്റെ നിരീക്ഷണം കർശനമാക്കിയത്.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.